എല്‍ കെ അദ്വാനിയെ നരേന്ദ്ര മോദി ചവിട്ടിപ്പുറത്താക്കിയെന്ന് രാഹുല്‍ ഗാന്ധി; പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ലെന്ന് സുഷമ സ്വരാജ്

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചവിട്ടിപുറത്താക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹൈന്ദവ ധര്‍മ്മം അനുസരിച്ച് ഗുരുക്കന്മാരെ ബഹുമാനിക്കുകയും വന്ദിക്കുകയും ചെയ്യണമെന്നാണ് പറയുന്നത്. എന്നാല്‍ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ഗുരുതുല്യനായ എല്‍ കെ അദ്വാനിയെ ചവിട്ടി പുറത്താക്കുകയാണ് ചെയ്തതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഒരു പൊതു സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയെ നിശിതമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജും രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി വാക്കുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ച് വേണമെന്നും അല്ലാത്ത പക്ഷം ഇതിനെതിരെ ശക്തമായ രോഷം ഉയരുമെന്നുമായിരുന്നു സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചത്.


എല്‍ കെ അദ്വാനി തങ്ങള്‍ക്ക് പിതൃതുല്യനായ നേതാവാണ്. അദ്ദേഹത്തോട് തങ്ങള്‍ക്ക് ആദരവും ബഹുമാനവുമുണ്ട്. അദ്ദേഹത്തിന്റെ പേര് ഇത്തരത്തിലുള്ള പരാമര്‍ശത്തിലേക്ക് വലിച്ചിഴക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് വളരെ ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ല അത്തരത്തിലൊരു പരാമര്‍ശമെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

‘വാക്‌പോരിന് ഇടയാക്കിയ പശ്ചാത്തലം’

ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി എല്‍ കെ അദ്വാനി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിലുള്ള രോഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എല്‍ കെ അദ്വാനി ആറുതവണ വിജയിച്ച ഗാന്ധിനഗര്‍ മണ്ഡലത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

അദ്വാനി ബ്ലോഗില്‍ പറഞ്ഞത്

രാഷ്ട്രീയമായ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബിജെപി ഒരുകാലത്തും ശത്രുക്കളായി കണ്ടിട്ടില്ല. ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനുശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. വിയോജിപ്പും അഭിപ്രായ സ്വാതന്ത്രവും അംഗീകരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തുടക്കം മുതലേ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ല. രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ദേശവിരുദ്ധരായും ബിജെപി കണ്ടിട്ടില്ല. രാഷ്ട്രീയമായും വ്യക്തിപരമായും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ബിജെപി അംഗീകരിച്ചിട്ടുണ്ട്.

1991 മുതല്‍ ആറുതവണ തന്നെ ലോക്‌സഭയിലെത്തിച്ച ഗാന്ധിനഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള നന്ദിയും അദ്വാനി പ്രകടിപ്പിപ്പിരുന്നു. അവരുടെ സ്‌നേഹവും പിന്തുണയും എന്നും തന്റെയൊപ്പം ഉണ്ടാകുമെന്നും അദ്വാനി കുറിച്ചു.

‘പരസ്പരം പഴി ചാരിയും ആഞ്ഞടിച്ചും കളം നിറഞ്ഞ് നേതാക്കള്‍. നേതാക്കളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അടങ്ങുന്ന പുതിയ തെരഞ്ഞെടുപ്പ് പംക്തി-തെരഞ്ഞെടുപ്പ് വാക്ക്‌പോര്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top