അയ്യപ്പന്റെ പേരില്‍ വോട്ടുചോദിക്കുന്നത് തെറ്റ്; സുരേഷ് ഗോപി അങ്ങനെ ചെയ്തിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള

അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിക്കുന്നത് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കും. നോട്ടീസിന് നിയമപരമായി മറുപടി നല്‍കുമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു. സുരേഷ് ഗോപി നോട്ടീസ് നല്‍കിയ സംഭവത്തില്‍ ബിജെപി ഉന്നയിക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ പറഞ്ഞു. തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും അനുപമ വ്യക്തമാക്കി.
അതേസമയം, അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ ലഭിച്ച നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്ന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി പറഞ്ഞു. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. അയ്യന്റെ അര്‍ത്ഥം അവര്‍ അന്വേഷിക്കട്ടെ. എന്താണ് പറഞ്ഞതെന്ന് കൃത്യമായ ബോധ്യമുണ്ട്. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റുപറ്റിയെന്ന് മനസിലാക്കാതെ പറയുന്നതില്‍ കാര്യമില്ല. മാധ്യമങ്ങളോട് എല്ലാ കാര്യങ്ങളും പറയാന്‍ സാധിക്കില്ല. ജനാധിപത്യത്തിന്റെ മര്യാദയുണ്ട്. ഇഷ്ട ദേവന്റെ നാമം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും പറയാന്‍ പാടില്ലാത്ത അവസ്ഥയാണുള്ളത്. എന്ത് ജനാധിപത്യമാണിത്? ഇതിനെ ജനം കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് കളക്ടര്‍ ടി വി അനുപമ ഇന്നലെയാണ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ് നല്‍കിയത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here