തൊടുപുഴയിലെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍; വിനയായത് ആശുപത്രി മാറ്റണമെന്ന അമ്മയുടേയും സുഹൃത്തിന്റേയും ആവശ്യം

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി മരിച്ച ഏഴുവയസുകാരന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തി കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍. ആശുപത്രി മാറ്റണമെന്ന കുട്ടിയുടെ അമ്മയുടേയും സുഹൃത്തിന്റേയും ആവശ്യമാണ് വിനയായത്. ഈ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ന്യൂറോസര്‍ജന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ അനക്കമുണ്ടായിരുന്നില്ല. ശ്വാസകോശം ഉള്‍പ്പെടെ പ്രധാനഭാഗങ്ങളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. അത്യാവശ്യം നല്‍കേണ്ട വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സ കുട്ടിക്ക് നല്‍കിയിരുന്നു. തലയുടെ സ്‌കാന്‍ ചെയ്തു. വിഷയം കുട്ടിയുടെ അമ്മയുടേയും കൂടെ വന്ന ആളുടേയും അടുത്ത് പറഞ്ഞു. എത്രത്തോളം ഗുരുതരമാണ് കുട്ടിയുടെ അവസ്ഥയെന്ന് അയാള്‍ മനസിലാക്കിയില്ല. കുട്ടിയെ അവിടെ നിന്നും മാറ്റണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ അമ്മയും കൂടെയുണ്ടായിരുന്ന ആളും തയ്യാറായില്ലെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടിയെ പരിശോധിച്ച മറ്റൊരു ഡോക്ടറും ഇതേ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കുട്ടിയെ ബന്ധുക്കള്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ല എന്ന ആരോപണം നേരത്തേ നിലനിന്നിരുന്നു.

ഇന്നലെയാണ് ഏഴുവയസുകാരന്‍ മരിച്ചത്. ഒന്‍പത് ദിവസം വെന്റിലേറ്ററില്‍ തുടര്‍ന്നതിന് ശേഷം ഇന്നലെ രാവിലെ 11.35 ഓടെ കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസില്‍ പ്രതിയായ അരുണ്‍ ആനന്ദ് റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിരുന്നു.

മാര്‍ച്ച് 28 നാണ് ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേല്‍ക്കുന്നത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ പിന്നീട് നിഷേധിച്ചിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദ് കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയേയും ഇളയ സഹോദനേയും അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചതായും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി നേരത്തേ കേസെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top