കഴിഞ്ഞ അഞ്ചു വർഷത്തെ എൻഡിഎ ഭരണം സുവർണ ലിപികളിൽ എഴുതപ്പെടുമെന്ന് അമിത്ഷാ

എൻഡിഎയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം സുവർണ ലിപികളിൽ എഴുതപ്പെടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 പ്രതീക്ഷയുടെ കാലമാണെങ്കിൽ 2019 ആഗ്രഹങ്ങളുടെ കാലമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മോദി സർക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമായതായും അദ്ദേഹം പറഞ്ഞു.
ആറു കോടി ജനങ്ങളുടെ അഭിപ്രായമറിഞ്ഞാണ് പ്രകടന പത്രിക തയാറാക്കിയതെന്നും അമിത്ഷാ വ്യക്തമാക്കി. “സങ്കൽപ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കൂടാതെ ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ബിജെപി നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്ന രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇത്തവണയും പ്രകടന പത്രികയിൽ ആവർത്തിച്ചിട്ടുണ്ട്.’സങ്കൽപിത് ഭാരത്-സശക്ത് ഭാരത്’ എന്നതാണ് പ്രകടന പത്രികയിലെ മുദ്രാവാക്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here