Advertisement

മക്കൾ  രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?

April 8, 2019
1 minute Read

രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കിലായിക്കഴിഞ്ഞു.  ജനവിധി രേഖപ്പെടുത്താൻ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. രാജ്യത്ത് പ്രധാന നേതാക്കൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ നിരവധിയാണ്.വാഴുന്നവരും വീഴുന്നവരും വാർത്തകളിൽ നിറയുന്ന അത്തരം മണ്ഡലങ്ങളെ അടുത്തറിയാം…

 

 

കരിമ്പ് കൃഷിയ്ക്ക് പണ്ടു മുതലേ പേരു കേട്ടയിടമാണ് കന്നട നാട്ടിലെ മാണ്ഡ്യ. ഒരുവശം ചേർന്നൊഴുകുന്ന കാവേരി നദിയും വളക്കൂറുള്ള മണ്ണുമാണ് മാണ്ഡ്യയുടെ ജീവൻ. നോക്കെത്താ ദൂരം നീണ്ടു കിടന്നിരുന്ന കരിമ്പിൻ തോട്ടങ്ങളിൽ പലതും ഇന്ന് അപ്രത്യക്ഷമായി തുടങ്ങിയെങ്കിലും മണ്ണിനെയും മധുരത്തെയും മറക്കാൻ ഇവിടുത്തുകാർക്ക് കഴിയില്ല.


അത്രയ്ക്കുണ്ട് കൃഷിയുമായുള്ള മാണ്ഡ്യക്കാരുടെ ആത്മബന്ധം.ഈ മണ്ണിൽ തന്നെയാണ് ഇക്കുറി മക്കൾ രാഷ്ട്രീയത്തിനും അരങ്ങൊരുങ്ങുന്നത്.വോട്ടർമാരിൽ നല്ലൊരു ശതമാനവും കർഷകരായ മാണ്ഡ്യയിൽ ഇവരുടെ നിലപാടുകൾ തന്നെയാകും വിധി നിശ്ചയിക്കുന്നതിൽ നിർണായകമാകുക.

കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമലതയും തമ്മിലാണ് ഇക്കുറി മാണ്ഡ്യയിലെ പോരാട്ടം.മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസും ജെഡിഎസും തമ്മിലായിരുന്നു പ്രധാന മത്സരം നടന്നിരുന്നത് എങ്കിൽ ഇത്തവണ അവർ ഒന്നിച്ചു നിൽക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത.വൊക്കലിഗ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമായതിനാൽ തന്നെ ജനതാദൾ സെക്യുലറിന്റെ ഉറച്ച കോട്ടയായാണ് മാണ്ഡ്യ അറിയപ്പെടുന്നത്. എന്നാൽ ജെഡിഎസിന് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന് ഉറപ്പാണ്.കോൺഗ്രസ് സഖ്യം പേരിന് കൂടെയുണ്ടെങ്കിലും ഇവരുടെ കൂറ് മറുപക്ഷത്തായിരിക്കുമെന്ന് ജെഡിഎസ് ഇപ്പോൾ തന്നെ തിരിച്ചറിയുന്നുണ്ട്. എതിരാളി  കോൺഗ്രസ് നേതാവിന്റെ ഭാര്യ കൂടെയാകുമ്പോൾ കോൺഗ്രസിന്റെ കാലുവാരൽ ജെഡിഎസ് പ്രതീക്ഷിക്കുക തന്നെ വേണം.


കോൺഗ്രസിനെയും ജെഡിഎസിനെയും മാറി മാറി സ്വീകരിച്ച ചരിത്രമാണ് മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിനുള്ളത്. 1977 ൽ കോൺഗ്രസിന്റെ കെ.ചൊക്കലിംഗയ്യയാണ് ഇവിടെ നിന്നും ആദ്യമായി ലോക്‌സഭയിലേക്കെത്തിയത്. 1980 ൽ എസ് എം കൃഷ്ണ മത്സരിക്കാനെത്തിയപ്പോൾ കോൺഗ്രസിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുകയും ചെയ്തു. എന്നാൽ 89 ൽ കൃഷ്ണയെ മാണ്ഡ്യ കൈവിട്ടു. തുടർന്ന് 1989 ലും 1991 ലും കോൺഗ്രസിനായിരുന്നു ഇവിടെ വിജയം.

എന്നാൽ 1996 ൽ മണ്ഡലം വീണ്ടും തിരിച്ചുപിടിച്ച ജനതാദൾ തൊട്ടടുത്ത തവണയും വിജയം ആവർത്തിച്ചു. 2004 ലാണ് അംബരീഷ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മാണ്ഡ്യയിൽ മത്സരത്തിനിറങ്ങിയത്. ഒന്നേ കാൽ ലക്ഷത്തോളം വോട്ടുകൾക്ക് വിജയിച്ച അംബരീഷ് പക്ഷേ 2009 ൽ ജെഡിഎസിനോട് 20,000 വോട്ടുകൾക്ക് തോൽവിയേറ്റു വാങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസിലെ സി.എസ് പുട്ടരാജു വിജയിച്ചെങ്കിലും ഭൂരിപക്ഷം അയ്യായിരത്തോളം വോട്ടായി കുറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച 5,18,852 വോട്ടുകളാണ് ഇത്തവണ നിർണായകം.

സീറ്റ് വിഭജനത്തിൽ കോൺഗ്രസ് വച്ചു നീട്ടിയ മാണ്ഡ്യയിൽ വൊക്കലിഗ വോട്ട് ബാങ്ക് മനസ്സിൽ കണ്ടുകൊണ്ടാണ് മുഖ്യമന്ത്രി കുമാരസ്വാമി മകൻ നിഖിലിനെ ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനതാദളും കോൺഗ്രസും വെവ്വേറെ മത്സരിച്ച് നേടിയ 80 ശതമാനത്തോളം വോട്ടിന്റെ കണക്കും ജെഡിഎസിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എംപിയുമായ അംബരീഷിന്റെ ഭാര്യ സുമലത എതിരാളിയായിയെത്തിയതോടെയാണ് ജെഡിഎസിന് ആശങ്കകൾ ആരംഭിച്ചത്. തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് സുമലത ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് ഈ സീറ്റ് ജെഡിഎസിന് നൽകുകയായിരുന്നു.തുടർന്നാണ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ സുമലത തീരുമാനിച്ചത്. ബിജെപി ഇവിടെ സ്ഥാനാർത്ഥിയെ നിർത്താതെ സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിവിധ കർഷക സംഘടനകളും യുവാക്കളുടെ കൂട്ടായ്മകളും സുമലതയ്ക്ക് പിന്തുണയറിയിച്ചെത്തിയതും മാണ്ഡ്യയിലെ പോരാട്ടം കടുത്തതാകുമെന്ന സൂചനകളാണ് നൽകുന്നത്.

ഈ സാഹചര്യത്തിലാണ് ജെഡിഎസുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലുള്ള സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരടക്കമുള്ളവരെ ജെഡിഎസ് ക്യാമ്പ് ഭയപ്പെടുന്നത്. അംബരീഷിന്റെ സ്വപ്‌നങ്ങൾ നിറവേറ്റാനാണ് താൻ മത്സരിക്കുന്നതെന്നും അതിനു വേണ്ടി കോൺഗ്രസുകാർ തനിക്കൊപ്പം നിൽക്കുമെന്നും സുമലത പ്രചാരണ വേദികളിൽ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഉദ്ദേശിച്ചു തന്നെയാണ്. കാലിനടിയിലെ കോൺഗ്രസ് വോട്ട് ഒലിച്ചു പോകുന്നതായുള്ള യാഥാർത്ഥ്യം ഉൾക്കൊണ്ടാണ്  തൊട്ടുപിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കുമാരസ്വാമിയും ദേവഗൗഡയും രംഗത്തെത്തിയതും.

Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം

മകനെ ചക്രവ്യൂഹത്തിൽ കുരുക്കാൻ കോൺഗ്രസും കൂട്ടുനിൽക്കുന്നുവെന്നുള്ള വളരെ ഗൗരവകരമായ ആരോപണമാണ് സഖ്യകക്ഷിയ്‌ക്കെതിരെ കുമാരസ്വാമി ഉന്നയിച്ചത്. കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന ദേവഗൗഡയുടെ അഭിപ്രായവും കോൺഗ്രസ് പ്രവർത്തകരുടെ കളം മാറ്റം മുൻകൂട്ടി കണ്ടുകൊണ്ടുള്ളതാണ്. കോൺഗ്രസ് നേതൃത്വത്തെ പ്രശ്‌നത്തിൽ ഇടപെടുത്തി പരിഹാരം കാണാനാണ് ജെഡിഎസിന്റെ ഇപ്പോഴത്തെ ശ്രമങ്ങൾ. കോൺഗ്രസ് വോട്ടുകളിലെ ചോർച്ച തടയാനായാൽ തന്നെ ജെഡിഎസിന് മാണ്ഡ്യയിൽ ഏറെക്കുറെ ജയം ഉറപ്പിക്കാം. മണ്ഡലത്തിലെ പരിധിയിൽ വരുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിൽ എട്ടിലും സ്വന്തം എംഎൽഎ മാരാണെന്നതും ജെഡിഎസിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.യുവ സ്ഥാനാർത്ഥിയെന്ന പരിഗണന വോട്ടർമാർ നിഖിൽ ഗൗഡയ്ക്ക് നൽകുമെന്നും ജെഡിഎസ് പ്രതീക്ഷിക്കുന്നു.

അതേ സമയം ബിജെപിയുടെ മാത്രം വോട്ടുകളിൽ സുമതലയ്ക്കും മുന്നേറ്റം പ്രതീക്ഷിക്കാനാകില്ല.ബിജെപിയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത മേഖലയാണ് മാണ്ഡ്യ. ഇതുവരെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ 1991 ൽ മാത്രമാണ് ബിജെപി ഇവിടെ രണ്ടാമതെത്തിയത്. മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും മൂന്നാമതായിരുന്നു ബിജെപിയുടെ സ്ഥാനം. മാത്രമല്ല അപരശല്യവും സുമലതയ്ക്ക് ഏറെ തലവേദനയുണ്ടാക്കുന്നു. സുമലത എന്ന് പേരുള്ള വേറെ മൂന്ന് പേരാണ് മാണ്ഡ്യയിൽ നിന്നും മത്സരിക്കുന്നത്.

പാർട്ടി ചിഹ്നത്തിൽ അല്ലാതെ മത്സരിക്കുന്ന സുമലതയ്ക്ക് ഇത് ഏറെ വോട്ടുകൾ നഷ്ടമാക്കിയേക്കും. എന്നാൽ ഇതിനെ എതിരാളികളുടെ രാഷ്ട്രീയ മാന്യതയില്ലായ്മയായി പ്രചാരണവേദികളിൽ ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിലാണ് സുമലത. കോൺഗ്രസിലെ വോട്ടുകളിൽ നല്ലൊരു ശതമാനം നേടാനായാൽ ബിജെപി,കർഷക പിന്തുണയുടെ കൂടി ബലത്തിൽ അട്ടിമറി ജയം സുമലതയ്ക്ക് അസാധ്യമാകില്ല.ആരു ജയിച്ചാലും ശർക്കര ഫാക്ടറികളുടെ നാട്ടിൽ ഇത്തവണ വാശിയേറിയ പോരാട്ടമൊരുങ്ങുമെന്നത് തീർച്ചയാണ്. സിനിമാരംഗത്തു നിന്നു തന്നെയുളള രണ്ട് സ്ഥാനാർത്ഥികളുടെ പോരാട്ടത്തിൽ മാണ്ഡ്യയുടെ മനസ് ആർക്കൊപ്പമെന്നത് സിനിമാക്കഥ പോലെ അവസാനനിമിഷം വരെ സസ്‌പെൻസിൽ തന്നെയായിരിക്കും.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top