ക്യാപ്റ്റൻ കൂളാണ്; ഇമ്രാൻ താഹിറിന്റെയും ഷെയിൻ വാട്സണിന്റെയും മക്കളോടൊപ്പം ധോണിയുടെ ഓട്ടം: വീഡിയോ

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ എംഎസ് ധോണിക്ക് ഒരു ഓമനപ്പേരുണ്ട്, ക്യാപ്റ്റൻ കൂൾ. കടുത്ത സമ്മർദ്ദത്തിൻ്റെ സമയങ്ങളിൽ പോലും കളിക്കളത്തിൽ കാണിക്കുന്ന സൗമ്യത കണ്ട ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളുമാണ് ധോണിയെ അങ്ങനെ വിളിച്ചത്. കൂളായ ക്യാപ്റ്റൻ എന്നതിനൊപ്പം താൻ കൂളായ അച്ഛനുമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളും നമ്മൾ കാണുന്നുണ്ട്. മകൾ സിവയോടൊപ്പമുള്ള ധോണിയുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ സ്വീകാര്യതയാണ്. എന്നാൽ തൻ്റെ മക്കൾ മാത്രമല്ല, കുഞ്ഞുങ്ങളെല്ലാം തനിക്ക് പ്രിയപ്പെട്ടവർ തന്നെ എന്നറിയിക്കുന്ന ധോണിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ ട്രെൻഡാവുന്നത്.

ശനിയാഴ്ച കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിനു ശേഷം ടീമിലെ സഹതാരങ്ങളായ ഇമ്രാൻ താഹിറിൻ്റെയും ഷെയിൻ വാട്സണിൻ്റെയും മക്കളോടൊപ്പം ഓടിക്കളിക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഇരുവരോടുമൊപ്പം ചിരിച്ചു കൊണ്ട് ഓടുന്ന ധോണി ഓട്ടത്തിനൊടുവിൽ താഹിറിൻ്റെ കുട്ടിയെ വാരിയെടുത്ത് ഇരുവർക്കുമൊപ്പം ചിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ പങ്കു വെച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


മത്സരത്തിൽ 22 റൺസിന് ചെന്നൈ പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 3 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. അവസാന ഓവറുകളിൽ ധോണി നടത്തിയ കൂറ്റനടികളാണ് മികച്ച സ്കോറിലെത്താൻ ചെന്നൈയെ സഹായിച്ചത്. സർഫറാസ് ഖാനും കെഎൽ രാഹുലും പൊരുതി നോക്കിയെങ്കിലും 22 റൺസ് അകലെ കിംഗ്സ് ഇലവൻ തോൽവി സമ്മതിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top