വയനാട്ടില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് രാഹുല്‍ ഗാന്ധി അറിയാന്‍ പോകുന്നതേയുള്ളൂ; കോണ്‍ഗ്രസിന് പിണറായി വിജയന്റെ മറുപടി

വയനാട്ടില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയാന്‍ പോകുന്നതേയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ കേരളത്തിലേക്ക് വരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തുന്നതോടെ ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂല തരംഗം ഉണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.

രാഹുല്‍ ഗാന്ധി ഇവിടെ മത്സരിക്കുന്നുണ്ടെന്ന് കരുതി കേരളത്തില്‍ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യവും ഉണ്ടാകാന്‍ പോകുന്നില്ല. കേരളത്തില്‍ ജനവിധി തേടുന്ന ഇരുപത് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

രാഹുല്‍ പ്രഭാവത്തെ പുകഴ്ത്തി മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ലോക്‌സഭാ എംപിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നായിരുന്നു വി എം സുധീരന്‍ അഭിപ്രായപ്പെട്ടത്. രാഹുല്‍ തരംഗം കേരളത്തിലെ എല്ലാ സീറ്റിലും പ്രതിഫലിക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കേരളത്തില്‍ രാഹുല്‍ മത്സരിച്ചാല്‍ ദക്ഷിണ ഭാരതത്തില്‍ അത് മികച്ച രീതിയില്‍ പ്രതിഫലിക്കുമെന്നായിരുന്നു ശശി തരൂരിന്റെ അഭിപ്രായപ്രകടനം.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പിണറായി വിജയന്‍ പറഞ്ഞത്

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതില്‍ ആശങ്കയില്ല. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണ്. രാഹുല്‍ ഗാന്ധി എത്തുന്നതോടെ മത്സരം ഇടതിനെതിരാണെന്ന് വ്യക്തമായി. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ ആണെന്നു പറയുന്നവര്‍ കേരളത്തില്‍ ഇടതിനെതിരെയാണ് മത്സരിക്കാനൊരുങ്ങുന്നത്. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരാണെന്ന് ആരെങ്കിലും പറയുമോ?

പരാജയപ്പെടുത്തേണ്ട കക്ഷിയാണ് സിപിഐഎം എന്ന സന്ദേശമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധി വരുന്നതുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ മുന്നണി ഉദ്ദേശിക്കുന്നില്ല. സിപിഐ ആണ് വയനാട് മത്സരിക്കുന്നത്. നല്ല സ്ഥാനാര്‍ത്ഥിയാണ് നിലവില്‍ പാര്‍ട്ടി വയനാട് നിര്‍ത്തിയിരിക്കുന്നത്.

ഇത് കേരളമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് നന്നായറിയാം. സംസ്ഥാന സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരം ഇല്ല. ശബരിമലയുമായി ബന്ധപ്പെട്ട ഒരു വിഷയവും നിലവില്‍ നിലനില്‍ക്കുന്നില്ല. ദേശീയ രാഷ്ട്രീയം തന്നെയാണ് പ്രധാന പ്രചാരണ വിഷയം. ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്യില്ല. തിരിച്ചടി മാത്രമായിരിക്കും ഉണ്ടാവുക.

‘പരസ്പരം പഴി ചാരിയും ആഞ്ഞടിച്ചും കളം നിറഞ്ഞ് നേതാക്കള്‍. നേതാക്കളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അടങ്ങുന്ന പുതിയ തെരഞ്ഞെടുപ്പ് പംക്തിതെരഞ്ഞെടുപ്പ് വാക്ക്‌പോര്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top