തെരഞ്ഞെടുപ്പ് ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്റ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ യു.പി അടക്കമുള്ള വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയില്‍ തുടങ്ങി കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇന്ന് ബിജെപിയുടെ പ്രചാരണത്തിനെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അസാം, ബിഹാര്‍ , ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒഡിഷയിലെ പുരിയിലാണ് പ്രചാരണം നടത്തുക. ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ അമിത് ഷാ നേരിട്ടെത്തി ചര്‍ച്ച നടത്തി അനുനയത്തിന് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുക. രണ്ടാംഘട്ടം ഈ മാസം 18 നാണ്. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ്. മെയ് 23 ന് ഫലപ്രഖ്യാപനം ഉണ്ടാകും. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ പ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top