‘കെ.എം മാണി കേരള രാഷ്ട്രീയത്തിലെ അതികായൻ’; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കെ.എം മാണിക്ക് അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹമെന്നു മോദി ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിന്റെ കുറ്റമറ്റ തെരഞ്ഞെടുപ്പ് റെക്കോഡ് സംസ്ഥാനത്തെ ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഓർമിക്കപ്പെടുമെന്നും മോദി പറഞ്ഞു.

അധ്വാനവർഗത്തിന്റെ നേതാവെന്ന് അറിയപ്പെടാൻ ആഗ്രഹിച്ച നേതാവാണു മാണിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കെ.എം മാണിയുടെ സംസ്‌കാരച്ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം നടക്കും. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ചാണിതെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.

ഭൗതികശരീരം ഇന്ന് എംബാം ചെയ്ത് ലേക് ഷോറിൽ സൂക്ഷിക്കും. നാളെ രാവിലെ പത്തുമണിയോടെ വിലാപയാത്രയായി പുറപ്പെട്ടു കോട്ടയത്തെത്തും.കേരളാ കോൺഗ്രസ് ഓഫീസ്, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വെയ്ക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നു വൈകീട്ട് 4.57-നായിരുന്നു അന്ത്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top