ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച് റീത്തുവെച്ചതായി പരാതി

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച് റീത്തുവെച്ചതായി പരാതി. മൂവാറ്റുപുഴയ്ക്കും തൊടുപുഴയ്ക്കും ഇടയ്ക്കുള്ള ആരക്കുഴ പഞ്ചായത്തിലാണ് ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച് റീത്തുവെച്ചത്.

ആരക്കുഴ വില്ലേജ് ഓഫീസിന് എതിവശത്ത് സ്ഥാപിച്ച ബോര്‍ഡാണ് നശിപ്പിച്ചത്. സംഭവം അറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിനെതിരെയും ഡിവൈഎഫ്‌ഐയ്‌ക്കെതിരെയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. നശിപ്പിക്കപ്പെട്ട ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണ ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ പാലഭിഷേകം നടത്തുകയും ചെയ്തു.

കുമളി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ആരക്കുഴയില്‍ ബോര്‍ഡില്‍ റീത്ത് സമര്‍പ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top