രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലോ അതോ പാക്കിസ്ഥാനിലോ?; അമിത് ഷായുടെ പരാമര്‍ശം വിവാദമാകുന്നു

Amit Sha 1

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ലെന്ന് അമിത് ഷാ പറയുന്നു. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നും അമിത് ഷാ ചോദിക്കുന്നു. കഴിഞ്ഞ ദിവസം നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. മുസ്ലിം ലീഗിന്റെ പച്ചക്കൊടിയെ പാകിസ്താന്‍ പതാകയുമായി അമിത് ഷാ താരതമ്യം ചെയ്യുകയും ചെയ്തു

ഇന്ത്യ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ പാകിസ്താനും കോണ്‍ഗ്രസ് പാര്‍ട്ടിയും ദുഃഖത്തിലായി. കോണ്‍ഗ്രസിന്റെ സാം പിത്രോഡ പാകിസ്താനുവേണ്ടി വാദിക്കുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോയെന്നും അമിത് ഷാ പ്രസംഗത്തില്‍ ചോദിച്ചു.

മുസ്ലീം ലീഗിന്റെ പതാക പാകിസ്താന്റെ പതാകയാണെന്ന തരത്തിലുള്ള പ്രചാരണം നേരത്തെയും നടന്നിരുന്നു. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top