ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി കർഷകൻ ആത്മഹത്യ ചെയ്തു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലായിരുന്നു സംഭവം. 65കാരനായ ഈശ്വർ ചന്ദ് ശർമ്മ എന്ന കർഷകനാണ് ബിജെപിയെ കുറ്റപ്പെടുത്തി ആത്മഹത്യാ കുറിപ്പെഴുതിയ ശേഷം വിഷം കുടിച്ച് മരിച്ചത്.

വിഷം കുടിച്ച ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. ‘കര്‍ഷകരുടെ അഞ്ച് വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തത്. ബിജെപിക്ക് വോട്ട് ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും’- എന്നായിരുന്നു ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്. ആത്മഹത്യാ കുറിപ്പിന്‍റെ സത്യാവസ്ഥ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

കൃഷി ആവശ്യത്തിനായി ഈശ്വര്‍ ചന്ദ് ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ബാങ്കില്‍ ജാമ്യം നിന്ന സുഹൃത്തിന് ഇയാള്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കി. എന്നാല്‍ ഇതുപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുമെന്ന് കര്‍ഷകനെ ഭീഷണിപ്പെടുത്തിയ സുഹൃത്ത് ഒത്തുതീര്‍പ്പിനായി 4 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടെ സമ്മര്‍ദ്ദത്തിലായ കര്‍ഷകന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അതേസമയം കര്‍ഷകന്‍റെ ആത്മഹത്യയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ബിജെപിയുടെ തെറ്റായ പദ്ധതികള്‍ കൊണ്ടാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top