‘രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദ രേഖയിൽ BJP ഗൂഢാലോചന നടന്നോ എന്ന് സംശയം’; സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖയിൽ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇതിൽ അന്വേഷണം വേണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു . പാലക്കാട് ജില്ലാ അധ്യക്ഷനോട് സംസാരിച്ചതായി ആരോപണം ഉന്നയിച്ചവർ പറയുന്നു. പാലക്കാട് ജില്ലാ അധ്യക്ഷന്റെ പൂർവകാല ചരിത്രം പരിശോധിക്കണമെന്നും യുവമോർച്ചയിൽ നിന്നും മാറ്റി നിർത്തിയത് എന്തിനെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ആരോപണങ്ങൾക്ക് മുൻപ് ട്രാൻസ് വുമൺ അവന്തിക ഒരു സ്ക്രീൻഷോട്ട് തനിക്ക് അയച്ചു നൽകിയിരുന്നതയി പ്രശാന്ത് ശിവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താൻ അവരോട് പറഞ്ഞിരുന്നതെന്ന് പ്രശാന്ത് പറഞ്ഞു. രാഹുൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവച്ച് തുടർ നടപടികളിലേക്ക് കടക്കുമെന്ന് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. അവന്തികയുടെ ആരോപണം നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് രാഹുൽ പറഞ്ഞിരുന്നു. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനൽ റിപ്പോർട്ടറിനോട് പറയുന്ന ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പ് രാഹുൽ പുറത്തുവിട്ടിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ട്രാൻസ് വനിത അവന്തിക രംഗത്തെത്തി. രാഹുൽ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തന്റേത് തന്നെയെന്ന് അവന്തിക ട്വന്റിഫോറിനോട് പറഞ്ഞു. മാധ്യമപ്രവർത്തകനുമായി സംസാരിച്ച ദിവസം വിവാദങ്ങൾ ഉയർന്നിരുന്നില്ല. ആ സമയത്ത് തനിക്ക് ഭയമുണ്ടായിരുന്നു. നടിയുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രതികരിക്കാൻ ധൈര്യമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും അവന്തിക പറഞ്ഞു.
Story Highlights : Sandeep Varrier against BJP in Rahul Mamkootathil controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here