ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് ഐഎംഎഫ് അവലോകന റിപ്പോർട്ട്

അടുത്ത സാമ്പത്തിക വർഷത്തിൽ ആഗോള സാമ്പത്തിക വളർച്ച കുറയുമെന്ന് ഐ എം എഫ്. 3.3 ശതമാനം വളർച്ച മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങളിൽ 70 ശതമാനവും പുതിയ സാമ്പത്തിക വർഷത്തിൽ വളർ‌ച്ചക്കുറവ് നേരിടുമെന്ന് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പുറത്തു വിട്ട റിപ്പോർട്ട് പറയുന്നു. എന്നാൽ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 2019ൽ 7.4 ശതമാനവും, 2020ൽ 7.5 ശതമാനവുമായിരുന്നു വളർച്ച കണക്കാക്കിയിരുന്നത്. എന്നാൽ ഇതിൽ നിന്നും 0.1 ശതമാനം താഴ്ത്തി 2019ൽ 7.3 ശതമാനവും 2020ൽ 7.4 ശതമാനവുമാണ് ഐ എം എഫിന്റെ ഇപ്പോഴത്തെ അനുമാനം.

അതേസമയം, ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ചയിൽ മുന്നേറ്റം തുടരുമെന്നും റിപ്പോർട്ട് പറയുന്നു. 2019ൽ ചൈന 6.6 ശതമാനം വളർച്ച മാത്രമേ കൈവരിക്കൂ. 2020ല്‍ ചൈനയുടെ വളർച്ച 6.1 ആയി കുറയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപം വർധിക്കുന്നതും ഉപഭോഗം ഉയരുന്നതുമാണ് ഇന്ത്യയുടെ വളർച്ചക്ക് പിന്നിലെ കാരണമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. സാമ്പത്തിക ഘടനാ പരിഷ്കാരങ്ങൾ, ബാങ്കിങ് രംഗം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾ എന്നിവയാണ് ഇന്ത്യയ്ക്കു ഗുണം ചെയ്യുന്നതെന്നും ഐഎംഎഫ് അവലോകന രേഖ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ ബാധിക്കുന്ന ചെറിയ പ്രതിസന്ധികൾ പോലും സാമ്പത്തി രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കും. വികസ്വര രാജ്യങ്ങൾ വലിയ തകർച്ച നേരിടുമെന്നും കടബാധ്യതയുള്ള രാജ്യങ്ങൾ കൂടുതൽ കെണിയിലാകുമെന്നും ഐ എം എഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Top