ദുരൂഹമായി നമോ ടിവി ഉടമസ്ഥത; ഉള്ളടക്കം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തുടങ്ങിയ നമോ ടിവിക്കെതിരേ നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാൻ ഡൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി. ചട്ടങ്ങൾ പാലിച്ചാണോ പടിപാടികൾ, നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് കമ്മീഷൻ്റെ നിർദ്ദേശം.
പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സംപ്രേഷണം ചെയ്യുന്നതിനായി കഴിഞ്ഞ മാസം 31-നാണ് 24 മണിക്കൂർ ചാനൽ പ്രവർത്തനം തുടങ്ങിയത്. ചാനലിന്റെ ഉടമസ്ഥത ആരും ഏറ്റെടുക്കാതെ വന്നതോടെ വിവാദം കൊഴുത്തു. നമോ ടിവി ഹിന്ദി വാർത്താ ചാനലാണെന്നും ലോഞ്ച് ഓഫർ എന്ന രീതിയിലാണ് ഇപ്പോൾ പ്രേക്ഷകർക്കു സൗജന്യമായി നൽകുന്നതെന്നും ടാറ്റ സ്കൈ ആദ്യം വിശദീകരിച്ചു.
പിന്നീട് സർക്കാർ ലൈസൻസ് ആവശ്യമില്ലാത്ത ഇന്റർനെറ്റ് വഴിയുള്ള പ്രത്യേക സേവനമാണ് ഇതെന്നും ബിജെപിയിൽനിന്നാണ് ഇതിന് ഫുട്ടേജ് ലഭിക്കുന്നതെന്നും ടാറ്റാ സ്കൈ സിഇഒ ഹരിത് നാഗ്പാൽ വെളിപ്പെടുത്തി. വാർത്താ ചാനലാണെന്ന് നേരത്തെ നൽകിയ വിശദീകരണം പിഴവാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ചാനലിന്റെ ഉടമസ്ഥർ ആരെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.
നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമോ ടിവി സംപ്രേഷണം ആഭംഭിച്ചതിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ചാനലിനെതിരേ ആം ആദ്മി പാർട്ടിയും കോണ്ഗ്രസും കമ്മീഷനു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം ഒരു പാർട്ടിക്ക് സ്വന്തം ചാനൽ തുടങ്ങാൻ അനുമതി നൽകുന്നതു ചട്ടലംഘനമാവുമെന്ന് എഎപി പരാതിയിൽ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ചാനലിന്റെ ലോഗോ. 2012-ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നമോ ഗുജറാത്ത് എന്ന പേരിൽ 24 മണിക്കൂർ ചാനൽ തുടങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here