ബുർഖ ധരിച്ച് വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് ബിജെപി സ്ഥാനാർത്ഥി

ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് യുപിയിലെ മുസഫർ നഗർ ബിജെപി സ്ഥാനാർത്ഥിയും മുൻ കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബാല്യണ്‍. മുഖം പരിശോധിച്ചില്ലെങ്കിൽ താൻ റീ പോൾ ആവശ്യപ്പെടുമെന്നും സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളെ തെരഞ്ഞെടുപ്പ് ഓഫീസർമാർ കൃത്യമായി പരിശോധിക്കുന്നില്ലെന്ന് സഞ്ജീവ് കുറ്റപ്പെടുത്തി.
‘ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കുന്നില്ല. വ്യാജ വോട്ടിംഗ് നടക്കുന്നതായി ഞാൻ ആരോപിക്കുന്നു. അവരുടെ മുഖം പരിശോധിച്ചില്ലെങ്കിൽ ഞാൻ റീ പോൾ ആവശ്യപ്പെടും’- സഞ്ജീവ് ബാല്യണ്‍ പറഞ്ഞു.
2013ലെ മുസഫർ നഗർ കലാപത്തിനു ശേഷം സംസ്ഥാനത്തെ ഏറ്റവും സുപ്രധാനമായ മണ്ഡലമായാണ് മുസഫർ നഗർ കണക്കാക്കപ്പെടുന്നത്. കലാപത്തിൽ സഞ്ജീവിനു പങ്കുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയാണ് സഞ്ജീവ് ജനവിധി തേടുന്നത്. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥി കദീർ റാണയെ നാല് ലക്ഷത്തിൽ പരം വോട്ടുകൾക്ക് സഞ്ജീവ് പരാജയപ്പെടുത്തുകയായിരുന്നു. 2014 മേയ് 26ന് സത്യപ്രതിഞ്ജ ചെയ്ത മോദി മന്ത്രിസഭയിൽ കൃഷി, ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെ സഹമന്ത്രിയായിരുന്നു.
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here