Advertisement

മമ്മൂട്ടിയുടെ പേജിൽ സഹായാഭ്യർത്ഥന; ഡിജെ പ്രോഗ്രാമിനു മാറ്റി വെച്ച തുക നൽകി ആരാധകർ

April 11, 2019
Google News 1 minute Read

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിൽ സഹായാഭ്യർത്ഥന നടത്തിയ ആരാധകന് സഹായവുമായി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത മധുരരാജ പോസ്റ്ററിനു താഴെ സഹായാഭ്യർത്ഥന നടത്തിയ ആൾക്കാണ് മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മ സഹായവുമായി എത്തിയത്. ഇക്കാര്യം അവർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

”ഞാൻ അസുഖ ബാധിതനായി നാലുവർഷം കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക”- എന്ന കമൻ്റുമായി പത്തനാപുരം പുനലൂർ സ്വദേശിയായ പ്രേം കുമാർ ആണ് സഹയാഭ്യർത്ഥന നടത്തിയത്. ഇതോടെയാണ് മധുരരാജ റിലീസിനോടനുബന്ധിച്ച് നടത്താനിരുന്ന ഡിജെ പ്രോഗ്രാമിൻ്റെ ചെലവിലേക്ക് മാറ്റി വെച്ചിരുന്ന 25000 രൂപ പ്രേം കുമാറിനു നൽകാൻ തീരുമാനിച്ചത്. ആരാധക കൂട്ടായ്മയുടെ ഈ നിലപാട് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്.

മമ്മൂട്ടി ഫാൻസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

സുഹൃത്തുക്കളെ, ഇത് മുഴുവൻ നിങ്ങൾ വായിക്കണം,,…

ഈ വരുന്ന 12 ആം തീയതി റിലീസ് ആകുന്ന നാം എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന മധുര രാജയുടെ റിലീസുമായി ബന്ധപെട്ട് ടീം OPU വും MFWAI പുനലൂർ ഏരിയ കമ്മിറ്റിയും ചേർന്ന് ഫാൻസ്‌ ഷോ നടത്തുന്ന വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ… ഈ ഫാൻസ്‌ ഷോയോട് അനുബന്ധിച്ചു 11 ആം തീയതി രാത്രി 8 മണിക്ക് ഞങൾ ഒരു DJ പ്രോഗ്രാമും നടത്താൻ തീരുമാനിച്ചിരുന്നു… ഇതിലേക്കായി ഏകദേശം 25000 രൂപയോളം ഞങ്ങൾ മാറ്റി വെച്ചിരുന്നു..പക്ഷെ ആ DJ പ്രോഗ്രാം തൽക്കാലത്തേക്ക് നടത്തണ്ടാ എന്നാണ് ഇപ്പൊ ഞങ്ങടെ തീരുമാനം.

അതിനു കാരണം ഇന്ന് രാവിലെ മമ്മൂക്കയുടെ പോസ്റ്റിൽ കണ്ട പുനലൂർ പത്തനാപുരം സ്വേദേശി ആയ പ്രേം കുമാർ എന്ന ഒരാളുടെ കമന്റ ആണ്. ഞാൻ അസുഖ ബാധിതനായി നാലു വര്ഷം ആയി കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോൾ ജപ്തി ഭീഷണിയിൽ ആണ്.. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക എന്നായിരുന്നു ആ കമന്റ.ഈ കമന്റ ഞങ്ങളുടെ ശ്രേദ്ധയിൽ പെട്ടപ്പോൾ തന്നെ അതിനടിയിൽ അദ്ദേഹം എഴുതിയിരുന്ന നമ്പറിലേക്ക് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചു കാര്യം തിരക്കി. അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചു.. നാല് വര്ഷം മുൻപ് പ്രേം കുമാർ ഒരു മരത്തിൽ നിന്ന് വീഴുകയും അരക്ക് താഴോട്ട് തളന്നു കിടപ്പിലാവുകയും ചെയ്തു.. ചികിത്സക്കായി വീടും പുരയിടവും ബാങ്കിൽ പണയം വെക്കുകയും നാല് കൊല്ലമായി ഒരു തവണ പോലും പൈസ അടക്കാൻ നിർവാഹം ഇല്ലാതാവുകയും ചെയ്തു.. ഇപ്പോൾ പലിശ മാത്രം ഏകദേശം 1.25 ലക്ഷത്തോളം ആയി… പലിശ അടച്ചില്ലെങ്കില് വീട് ജെപ്തി ചെയ്യാൻ ആണ് ബാങ്കിന്റെ തീരുമാനമത്രെ.

പ്രേംകുമാറിന് 2 ആം ക്ലാസിലും 5 ആം ക്ലസ്സിലും പഠിക്കുന്ന 2 കുട്ടികൾ ആണ് ഉള്ളത്. വയസായ അച്ഛനും അമ്മയും പ്രെകുമാറിനോടൊപ്പം ആണ്.. ഒരു കുടുബം മുഴുവൻ വയ്യാത്ത ഒരാളുമായി തെരുവിലേക്ക് ഇറങ്ങാൻ പോകുമ്പോ നമ്മൾ തൊട്ടടുത്തു DJ ആഘോഷവും ആയി മമ്മൂക്കയുടെ പടത്തെ വരവേൽക്കുന്നത് ശെരിയല്ല എന്ന് ഞങ്ങൾക്ക് തോന്നി.. അത് കൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു പരിപാടിക്കായി മാറ്റി വെച്ച 25000 രൂപ പ്രേംകുമാർന്റെ കുടുംബത്തിലേക്ക് കൊടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇത് കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ അവരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു,…. ഈ മുടങ്ങിയ DJ പ്രോഗ്രാമിന് പകരമായി ഇതിലും വമ്പൻ പരിപാടി അടുത്ത മമ്മൂക്ക പടത്തിനായി ഞങ്ങൾ നിങ്ങൾക്കായി ഒരുക്കും എന്ന് വാക്ക് തരുന്നു. എല്ലാവരും ഞങ്ങളോട് സഹകരിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here