ഒരു കളി മാത്രം ജയിച്ച രാജസ്ഥാൻ; ഒരു കളി മാത്രം തോറ്റ ചെന്നൈ: ഇന്നത്തെ കളി ഇങ്ങനെ

ഇന്നത്തെ ഐപിഎൽ മത്സരം രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ്. അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു കളി മാത്രം ജയിച്ച രാജസ്ഥാനും 6 കളികളിൽ നിന്ന് ഒരു കളി മാത്രം തോറ്റ ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടുമ്പോൾ സമ്മർദ്ദം തീർച്ചയായും രാജസ്ഥാനാണ്. ഒന്നല്ല, ഒരുപിടി തലവേദനകളാണ് അവർക്കുള്ളത്.

സഞ്ജു സാംസണിൻ്റെ പരിക്കാണ് ആദ്യത്തെ തലവേദന. സഞ്ജുവിൻ്റെ പരിക്കിനെപ്പറ്റി ഔദ്യോഗിക അപ്ഡേറ്റ് വന്നിട്ടില്ലെങ്കിലും ലഭ്യമാക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്നും സഞ്ജു കളിക്കാതിരിക്കാണ് സാധ്യത. ഓപ്പണിംഗിൽ ജോസ് ബട്ട്ലർ മികച്ച ഫോമിലാണെങ്കിലും സഹ ഓപ്പണർ അജിങ്ക്യ രഹാനെയും വൺ ഡൗൺ സ്റ്റീവൻ സ്മിത്തും ടി-20യുടെ വേഗതയിൽ ഒപ്പം പിടിക്കാത്തത് രാജസ്ഥാനു തിരിച്ചടിയാണ്. ചില നല്ല ഇന്നിംഗ്സുകൾ ഇരുവരും കളിച്ചിട്ടുണ്ടെങ്കിൽ പോലും സ്കോറിംഗ് വേഗത്തിലാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ബാക്കി നിൽക്കുകയാണ്.

രാഹുൽ തൃപാഠിയെപ്പോലെ എക്സ്പ്ലോസീവായ ഒരു കളിക്കാരനെ കൃത്യമായി ഉപയോഗിക്കാൻ രാജസ്ഥാന് സാധിക്കുന്നില്ല. പവർ ഹിറ്റിംഗ് ഓൾറൗണ്ടർ എന്ന ലേബലിൽ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ ബെൻ സ്റ്റോക്സ് തീരെ ഫോമിലല്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് 76 റൺസും നാല് വിക്കറ്റുമാണ് സ്റ്റോക്സിൻ്റെ സമ്പാദ്യം. മോശം പ്രകടനം മാത്രം കാഴ്ച വെക്കുന്ന ജയദേവ് ഉനദ്കട്ട് രാജസ്ഥാന് പറ്റിയ വലിയൊരു അബദ്ധമാണ്. മൂന്ന് മാച്ചിൽ വെറും ഒരു വിക്കറ്റ് മാത്രമുള്ള ഉനദ്കട്ടിൻ്റെ എക്കണോമി റേറ്റ് 12 റൺസിനു മുകളിലാണ്. ജോഫ്ര ആർച്ചർ, ശ്രേയാസ് ഗോപാൽ. ധവാൽ കുൽക്കർണി എന്നിവരാണ് രാജസ്ഥാൻ നിരയിൽ വിശ്വസിക്കാവുന്ന ബൗളർമാർ.

സഞ്ജു പരിക്ക് മാറി തിരികെയെത്തിയാൽ പ്രശാന്ത് ചോപ്രയോ മിധുനോ പുറത്തിരിക്കും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ നറുക്ക് വീഴുക പ്രശാന്തിനാവാനാണ് സാധ്യത. സീസണിൽ ഇതുവരെ താളം കണ്ടെത്താൻ സാധിക്കാത്ത കൃഷ്ണപ്പ ഗൗതമിനു പകരം മഹിപാൽ ലോംറോർ നല്ല ഓപ്ഷനാവും. ബെൻ സ്റ്റോക്സിനെ പരീക്ഷിക്കുന്നത് നിർത്തി സ്റ്റോക്സിൻ്റെ അതേ വിലാസം കൈകാര്യം ചെയ്യുന്ന ആഷ്ടൺ ടേണറെ ടീമിലെത്തിക്കുന്നതും നന്നാവും. മനൻ വോഹ്ര പുറത്തിരിക്കുന്നത് നീതീകരിക്കാവുന്നതല്ല. സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റ് വീശാൻ കഴിവുള്ള വോഹ്രയെ ഫൈനൽ ഇലവനിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

മറുവശത്ത് അപാര ഫോമിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഒരു ശരാശരി ബൗളിംഗ് നിരയെ വെച്ച് ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്ത തൻ്റെ ക്യാപ്റ്റൻസി സ്കില്ലു കോണ്ട് ധോണി ചെന്നൈയെ നയിക്കുന്നത് മറ്റൊരു പ്ലേ ഓഫ് സ്ഥാനത്തേക്കാണ്. ഒപ്പം, സ്ലോഗ് ഓവറുകളിൽ തകർത്തടിക്കാനുള്ള തൻ്റെ കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചു കഴിഞ്ഞ ധോണി ടീമിന് ഒരു മുതൽക്കൂട്ടാനെന്നതിൽ സംശയമില്ല. റായുഡുവിനു പകരം ഫാഫ് ഡുപ്ലെസിസിനെ വാട്സണൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ വിടുന്നത് വഴി രണ്ട് ഗുണങ്ങളുണ്ട്. ഒന്ന്, ഓപ്പണിംഗ് നന്നാവും. രണ്ട്, മധ്യനിര ശക്തമാവും. ഡുപ്ലെസിസ് ഓപ്പൺ ചെയ്യുമ്പോൾ റായുഡു മധ്യനിരയിലാണ് കളിക്കുക. ഇവർക്കൊപ്പം, സുരേഷ് റെയ്ന, കേദാർ ജാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവർ കൂടി ചേരുന്ന ബാറ്റിംഗ് നിര വളരെ ശക്തമാണ്.

ഇമ്രാൻ താഹിർ, ഹർഭജൻ സിംഗ് എന്നീ രണ്ട് വെറ്ററൻ സ്പിന്നർമാർ നയിക്കുന്ന ചെന്നൈ ബൗളിംഗ് ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ബ്രാവോയുടെ അഭാവത്തിലും ഗംഭീര പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. ദീപക് ചഹാർ സ്ലോഗ് ഓവറുകളിൽ പന്തെറിയാൻ പഠിച്ചു കഴിഞ്ഞു. സ്കോട്ട് കുഗ്ഗലയ്നും കാഴ്ച വെക്കുന്നത് നല്ല പ്രകടനങ്ങളാണ്. ബ്രാവോയുടെ അഭാവത്തിലും ഇരുവരും ചേർന്ന് സ്ലോഗ് ഓവറുകളിൽ ബാറ്റ്സ്മാന്മാരെ കെട്ടിയിടുകയാണ്.

ചെന്നൈ നിരയിൽ മാറ്റങ്ങൾ ഉണ്ടാവില്ല. സ്പിന്നിനെ തുണയ്ക്കുന്ന ജയ്പൂർ പിച്ചിൽ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top