ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ സൗദിയില്‍ നിയമകുരുക്കിൽപ്പെട്ട ഷാനവാസ് സുമനസ്സുകളുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി

ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ സൗദിയില്‍ നിയമക്കുരുക്കുകളില്‍ പെട്ട ഷാനവാസ് സുമനസ്സുകളുടെ സഹായത്താല്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്ന് ഷാനവാസ് സഹായ സമിതി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു അബഹയിലെ പൊതുപ്രവര്‍ത്തകര്‍, വൃക്ക മാറ്റി വെക്കാനും തുടര്‍ ചികിത്സയ്ക്കും കിളിമാനൂര്‍ സ്വദേശിയായ ഷാനവാസിന് സുമനസുകളുടെ സഹായം ആവശ്യമാണ്.
ഷാനവാസിനെതിരെയുള്ളയുള്ള കേസ് സ്പോണ്‍സര്‍ പിന്‍വലിച്ചതോടെയാണ് യാത്രാവിലക്ക് നീങ്ങിയത്. ഇരു വൃക്കകളും തകരാറിലായി അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തിരുവനന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി ഷാനവാസ്. ഷാനവാസിന്റെ നിസ്സയാവസ്ഥ ഏപ്രില്‍ ഒന്നിന് ട്വെന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അബഹയിലെ പൊതുപ്രവര്‍ത്തകര്‍ സഹായസമിതി രൂപീകരിച്ചു രംഗത്തിറങ്ങി. സ്പോണ്‍സറുമായും ആശുപത്രിയുമായും നിരന്തരം ബന്ധപ്പെട്ട് നിയമ തടസ്സങ്ങള്‍ നീക്കി. സഹായിച്ചവരോടെല്ലാം നന്ദി പറഞ്ഞു ഷാനവാസ് നാട്ടിലേക്ക് മടങ്ങി.
ഷാനവാസിനുള്ള യാത്രാ രേഖകള്‍ ഒ.ഐ.സി.സി പ്രസിഡന്റ് അഷ്‌റഫ് കുറ്റിച്ചല്‍, ബഷീര്‍ മൂന്നിയൂര്‍, ബിജു നായര്‍ എന്നിവര്‍ കൈമാറി.
രണ്ട് വര്‍ഷം മുമ്പാണ് ഷാനവാസ് ഒരു സൗദി പൌരന്‍റെ വീട്ടില്‍ ഡ്രൈവറായി ജോലിക്ക് വന്നത്. ജോലിസ്ഥലത്ത് നിന്നും ഒളിച്ചോടിയതിനാല്‍ സ്പോണ്‍സര്‍ ഹുറൂബാക്കി. രണ്ട് വൃക്കകളും തകരാറിലായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഹുറൂബായ വിവരം അറിയുന്നത്. മാനുഷിക പരഗണന നല്‍കി സ്പോണ്‍സര്‍ ഹുറൂബ് നീക്കി നാട്ടിലയക്കാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കും കിഡ്നി മാറ്റി വെക്കുന്നതിനും ഉദാരമതികളുടെ സഹായം ഇനിയും ആവശ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here