കോഹ്ലിയും എബിയും തിളങ്ങി; ബാംഗ്ലൂരിന് ആദ്യ ജയം

സൂപ്പർ ബാറ്റ്സ്മാന്മാരായ വിരാട് കോഹ്‌ലിയും എബി ഡിവില്ല്യേഴ്സും അർദ്ധസെഞ്ചുറികളുമായി തിളങ്ങിയ മത്സരത്തിൽ ബാംഗ്ലൂരിന് ഈ സീസണിലെ ആദ്യ ജയം. 4 പന്ത് ശേഷിക്കെ 8 വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം. കോഹ്ലി 67 റൺസും ഡിവില്ല്യേഴ്സ് 59 റൺസുമെടുത്തു. 28 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും ബാംഗ്ലൂരിനു വേണ്ടി തിളങ്ങി. മികച്ച തുടക്കം നൽകിയ ഓപ്പണർമാരുടെ ബലത്തിലാണ് ആർസിബി റൺ ചേസ് ആരംഭിച്ചത്.

നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ പാർത്ഥിവ് കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിക്കൊണ്ടിരുന്നു. പാർത്ഥിവിനൊപ്പം അസാമാന്യ ടൈമിങ്ങുമായി കോഹ്ലിയും നിറഞ്ഞാടി. സാം കറനെയും ഷമിയെയും കണക്കറ്റ് പ്രഹരിച്ച ഇരുവരും ചേർന്ന് ആദ്യ 3 ഓവറിൽ 36 റൺസ് കൂട്ടിച്ചേർത്തതോടെ റണ്ണൊഴുക്ക് തടയാൻ കിംഗ്സ് ഇലവൻ ക്യാപ്റ്റൻ തന്നെ പന്തെടുത്തു. ആ ഓവറിൽ 8 റൺസ് വഴങ്ങിയെങ്കിലും പാർത്ഥിവിനെ പുറത്താക്കിയ അശ്വിൻ കിംഗ്സ് ഇലവന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 9 പന്തുകളിൽ 4 ബൗണ്ടറി ഉൾപ്പെടെ 19 റൺസെടുത്ത പാർത്ഥിവ് അശ്വിനെതിരെ കൂറ്റനടിക്ക് ശ്രമിച്ചാണ് പുറത്തായത്.

തുടർന്ന് ക്രീസിലെത്തിയ ഡിലില്ല്യേഴ്സ് നേരിട്ട ആദ്യ പന്തിൽ തന്നെ ഷമിയെ ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. രണ്ടു പേരും സുന്ദരമായ സ്ട്രോക്ക് പ്ലേ കെട്ടഴിച്ചതോടെ കിംഗ്സ് ഇലവൻ വിയർത്തു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 85 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ 10ആം ഓവർ അവസാനിക്കുമ്പോൾ 88 റൺസായിരുന്നു ആർസിബിയുടെ സമ്പാദ്യം. 11ആം ഓവറിൻ്റെ അവസാന പന്തിൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി തുടർന്ന് സ്കോറിംഗ് വേഗത്തിലാക്കി. എന്നാൽ 16ആം ഓവറിൽ ഷമിയുടെ പന്തിൽ മുരുഗൻ അശ്വിൻ പിടിച്ച് കോഹ്‌ലി പുറത്തായതോടെ ആർസിബി സമ്മർദ്ദത്തിലായി. 53 പന്തുകളിൽ 8 ബൗണ്ടറികളടക്കം 67 റൺസെടുത്ത കോഹ്ലി പുറത്താവുമ്പോൾ 27 പന്തുകളിൽ 46 റൺസായിരുന്നു ആർസിബിയുടെ വിജയലക്ഷ്യം.

അവസാന മൂന്നോവറിൽ വിജയിക്കാൻ 38 റൺസ് വേണ്ടിയിരുന്ന ആർസിബിക്ക് വേണ്ടി ആന്ദ്രൂ തൈ എറിഞ്ഞ 18ആം ഓവറിൽ മാർക്കസ് സ്റ്റോയിനിസും എബി ഡിവില്ല്യേഴ്സും ചേർന്ന് 18 റൺസെടുത്തു. ഇതിനിടെ 35 പന്തുകളിൽ നിന്ന് 5 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ തൻ്റെ അർദ്ധ സെഞ്ചുറിയും ഡിവില്ല്യേഴ്സ് കരസ്ഥമാക്കി.  ഷമി എറിഞ്ഞ 19ആം ഓവറിൽ ഇരുവരും ചേർന്ന് 14 റൺസ് സ്കോർ ചെയ്തതോടെ വിജയലക്ഷ്യം അവസാന ഓവറിൽ 6 റൺസ് മാത്രമായി ഒതുങ്ങി.

മത്സരത്തിലാദ്യമായി സർഫറാസ് ഖാൻ പന്തെറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ആർസിബി ജയം കുറിച്ചതോടെ സീസണിലെ ആദ്യ ജയവും പോയിൻ്റും അവർ സ്വന്തമാക്കി. മൂന്നാം വിക്കറ്റിൽ 23 പന്തുകളിൽ നിന്നും നിർണ്ണായകമായ 46 റൺസാണ് സ്റ്റോയിനിസ്-ഡിവില്ല്യേഴ്സ് സഖ്യം നേടിയത്.

16 പന്തുകളിൽ 4 ബൗണ്ടറികളോടെ 28  റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും 38 പന്തുകളിൽ അഞ്ച് ബൗണ്ടറികളും 2 സിക്സറുകളും സഹിതം 59 റൺസെടുത്ത ഡിവില്ല്യേഴ്സും പുറത്താവാതെ നിന്നു.

നേരത്തെ ക്രിസ് ഗെയിലിൻ്റെ ബാറ്റിംഗ് കരുത്തിലാണ് കിംഗ്സ് ഇലവൻ പഞ്ചാബ് കൂറ്റൻ സ്കോർ നേടിയത്. 99 റൺസെടുത്ത് പുറത്താവാതെ നിന്ന ക്രിസ് ഗെയിലിൻ്റെ സ്പെഷ്യൽ ഇന്നിംഗ്സിൻ്റെ കരുത്തിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 173 റൺസാണ് കിംഗ്സ് ഇലവൻ നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top