സ്റ്റംപിംഗ് ഒഴിവാക്കാൻ രോഹിതിന്റെ ഫുട്ബോൾ: വീഡിയോ

ക്രിക്കറ്റ് മത്സരത്തിനിടെ ഫുട്ബോൾ കളിച്ച് സ്വന്തം വിക്കറ്റ് കളയാതെ രക്ഷിച്ച് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പത്താം ഓവറിലാണ് സംഭവം ഉണ്ടായത്.

രാജസ്ഥാൻ റോയൽസ് സ്പിന്നർ കൃഷ്ണപ്പ ഗൗതമിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനൊരുങ്ങിയ മുംബൈ നായകൻ്റെ കണക്കു കൂട്ടൽ തെറ്റിച്ച് പന്ത് ലെഗ് സ്റ്റമ്പിനു പുറത്തേക്ക്. അത് വൈഡാവുമെങ്കിലും താൻ ക്രീസിനു പുറത്തായതു കൊണ്ട് തന്നെ സ്റ്റംപ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ രോഹിത് കാലുപയോഗിച്ച് പന്ത് തട്ടിയകറ്റി.

തൻ്റെ ഫുട്ബോളിംഗ് സ്കിൽ കൊണ്ട് വിക്കറ്റ് സംരക്ഷിച്ച രോഹിത് ബോൾ തട്ടിയകറ്റിയ ശേഷം ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ആ പന്തിൽ രക്ഷപ്പെട്ടുവെങ്കിലും അടുത്ത ഓവറിൽ രോഹിത് ഔട്ടായിരുന്നു.

അതേ സമയം, മത്സരത്തിൽ നാലു വിക്കറ്റിന് രാജസ്ഥാൻ റോയൽസ് വിജയം കുറിച്ചിരുന്നു. 3 പന്തുകൾ ബാക്കി നിൽക്കെ 4 വിക്കറ്റിനായിരുന്നു രാജസ്ഥാൻ ഫിനിഷിംഗ് ലൈൻ തൊട്ടത്. ഇതോടെ ടൂർണമെൻ്റിലെ രണ്ടാം വിജയം കുറിക്കാനും രാജസ്ഥാനായി. 37 റൺസെടുത്ത അജിങ്ക്യ രഹാനെ, 31 റൺസെടുത്ത സഞ്ജു സാംസൺ എന്നിവരും രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടത് രാജസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും 7 പന്തുകളിൽ പുറത്താവാതെ 13 റൺസെടുത്ത ശ്രേയാസ് ഗോപാൽ രാജസ്ഥാന് രണ്ടാം വിജയം സമ്മാനിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top