‘ധോണി റിവ്യൂ സിസ്റ്റ’ത്തിനും പിഴച്ചു; പുറത്തായത് ധോണി തന്നെ: വീഡിയോ

ഓൺ ഫീൽഡ് അമ്പയർമാരുടെ തീരുമാനത്തെ ചലഞ്ച് ചെയ്യുന്ന ഡിആർഎസ് റിവ്യൂവിൽ ധോണിക്ക് അബദ്ധം പിണയുക അപൂർവമാണ്. അമ്പയർമാരുടെ തീരുമാനത്തെ ചലഞ്ച് ചെയ്ത് ധോണി എടുക്കുന്ന റിവ്യൂകൾ വിജയിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിആർഎസിനെ ധോണി റിവ്യൂ സിസ്റ്റം എന്ന് ആരാധകർ ഓമനപ്പേരിട്ട് വിളിക്കാറുമുണ്ട്.
എന്നാൽ ഇന്ന് വൈകിട്ട് കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ ധോണിക്കും പിഴച്ചു. തനിക്കെതിരെ ലെഗ് ബിഫോർ വിക്കറ്റ് നൽകിയ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം ചലഞ്ച് ചെയ്ത ധോണിക്കാണ് തെറ്റു പറ്റിയത്. സുനിൽ നരേൻ എറിഞ്ഞ 16ആം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. നരേൻ എറിഞ്ഞ പന്ത് ഫ്രണ്ട് ഫൂട്ടിൽ ഡിഫൻഡ് ചെയ്യാൻ ശ്രമിക്കവേ പന്ത് പാഡിൽ കൊണ്ടു. കൊൽക്കത്ത ടീമിൻ്റെ അപ്പീൽ ശരി വെച്ച ഓൺ ഫീൽഡ് അമ്പയർ വിരലുയർത്തി. നോൺ സ്ട്രൈക്കർ എൻഡിൽ ബാറ്റ് ചെയ്യുകയായിരുന്ന റെയ്നയോട് കൂടിയാലോചിച്ച ശേഷം ധോണി റിവ്യൂ ആവശ്യപ്പെട്ടു. ബോൾ ട്രാക്കിംഗിൽ മൂന്ന് റെഡ് കണ്ടതോടെ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം ശരിയാവുകയും ധോണി പുറത്താവുകയും ചെയ്തു.
മത്സരത്തിൽ വിജയിച്ച ചെന്നൈ ഇക്കൊല്ലം പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി. 58 റൺസെടുത്ത റെയ്നയുടെ ഇന്നിംഗ്സാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. റെയ്നക്കൊപ്പം സ്ലോഗ് ഓവറുകളിൽ തകർത്തടിച്ച ജഡേജയുടെ ഇന്നിംഗ്സും ചെന്നൈയുടെ വിജയത്തിൽ നിർണ്ണായകമായി.
— Aditya Chauhan (@aditya_chauhan5) April 14, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here