ഡൽഹിയിലെ സഖ്യത്തിൽ കെജ്‌രിവാൾ മലക്കം മറിഞ്ഞെന്ന് രാഹുൽ ഗാന്ധി

ഡൽഹിയിലെ സഖ്യവുമായി ബന്ധപ്പെട്ട് ആം ആദ്മിപാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യം ഉണ്ടാക്കുന്നതിൽ നിന്നും അരവിന്ദ് കെജ്‌രിവാൾ മലക്കം മറിഞ്ഞെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ച് മത്സരിച്ചാൽ എല്ലാ സീറ്റിലും ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നും സഖ്യത്തിനായി കോൺഗ്രസ് ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.

ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് 4 സീറ്റുകൾ വരെ വിട്ടു നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നു. പക്ഷേ കെജ്‌രിവാൾ വീണ്ടും പിൻവലിഞ്ഞു. കോൺഗ്രസിന്റെ വാതിലുകൾ ഇപ്പോഴും തുറന്ന് കിടക്കുകയാണെന്നും എന്നാൽ സമയം തീർന്നു കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ വ്യക്തമാക്കി. ഡൽഹിയിൽ കോൺഗ്രസ്- ആം ആദ്മി പാർട്ടി സഖ്യം രൂപീകരിക്കുന്നതിനായി ഇരുപാർട്ടികളും തമ്മിൽ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

Read Also; ആം ആദ്മി പാർട്ടി – കോണ്‍ഗ്രസ്സ് സഖ്യത്തെ രാഹുല്‍ ഗാന്ധി എതിർത്തു : അരവിന്ദ് കെജ്രിവാൾ

ഡൽഹിക്ക് പുറമേ ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സഖ്യം വേണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യമാണ് കോൺഗ്രസിൽ എതിർപ്പുണ്ടാക്കുന്നത്. അതേ സമയം ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പറിയിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് രംഗത്തു വന്നിരുന്നു.

Top