വീണ്ടും എബി; കൂട്ടിന് മൊയീൻ അലിയും: ബാംഗ്ലൂരിന് മികച്ച സ്കോർ

എബി ഡിവില്ല്യേഴ്സും മൊയീൻ അലിയും തിളങ്ങിയതോടെ മുംബൈ ഇന്ത്യൻസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മികച്ച സ്കോർ. അർദ്ധസെഞ്ചുറി നേടിയ ഇരുവരുടെയും ഇന്നിംഗ്സാണ് ബാംഗ്ലൂരിന് ഊർജ്ജമായത്. എട്ട് റൺസ് മാത്രമെടുത്ത് ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തായെങ്കിലും എബിയുടെയും മൊയീൻ അലിയുടെയും മികച്ച ബാറ്റിംഗ് പ്രകടനം ബാംഗ്ലൂരിന് തുണയാവുകയായിരുന്നു.
ഓപ്പണർമാരെ വിറപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് പേസർമാർ പന്തെറിഞ്ഞു തുടങ്ങിയത്. കൃത്യമായ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ മുംബൈ ബോളർമാർ ഓപ്പണർമാരായ വിരാട് കോഹ്ലിയെയും പാർത്ഥിവ് പട്ടേലിനെയും തളച്ചു നിർത്തി. മത്സരത്തിൻ്റെ മൂന്നാം ഓവറിൽ തന്നെ ബെഹൻഡറോഫ് വിരാട് കോഹ്ലിയെ പുറത്താക്കിയതോടെ ആദ്യ പവർ പ്ലേയിൽ ബാംഗ്ലൂരിന് 45 റൺസെടുക്കാനേ സാധിച്ചുള്ളൂ. തുടർന്ന് ക്രീസിലെത്തിയ ഡിവില്ല്യേഴ്സിനെ ബുംറ തലച്ചതോടെ സ്കോറിംഗ് മെല്ലെയായി. ഏഴാം ഒവറിൽ റൺ നിരക്കുയർത്താനുള്ള ശ്രമത്തിനിടെ പാർഥിവ് പട്ടേലും പുറത്തായി. 20 പന്തുകളിൽ നിന്നും നാല് ബൗണ്ടറികളും ഒരു സിക്സറും സഹിതം 28 റൺസെടുത്ത പാർഥിവിനെ ഹർദ്ദിക് പാണ്ഡ്യ സൂര്യകുമാർ യാദവിൻ്റെ കൈകളിൽ എത്തിക്കുകയാഇരുന്നു.
തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന ഡിവില്ല്യേഴ്സ്-മൊയീൻ അലി സഖ്യം വേഗത്തിൽ സ്കോർ ചെയ്ത് ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. മൊയീൻ അലിയായിരുന്നു കൂടുതൽ അപകടകാരി. ഇതിനിടെ ഇരുവരും അർദ്ധസെഞ്ചുറികളും കുറിച്ചു. 41 പന്തുകളിൽ നിന്നുമാണ് തുടർച്ചയായ തൻ്റെ രണ്ടാം അർദ്ധ സെഞ്ചുറി ഡിവില്ല്യേഴ്സ് കണ്ടെത്തിയതെങ്കിൽ 31 പന്തുകളിൽ നിന്നായിരുന്നു മൊയീൻ അലിയുടെ അർദ്ധ സെഞ്ചുറി. ഡിവില്ല്യേഴ്സുമായി 95 റൺസിൻ്റെ മികച്ച കൂട്ടുകെട്ടൊരുക്കിയതിനു ശേഷം 18ആം ഓവറിൽ ലസിത് മലിംഗയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ ഒരു ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 50 റൺസായിരുന്നു മൊയീൻ അലിയുടെ സമ്പാദ്യം.
കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ച മാർക്കസ് സ്റ്റോയിനിസാണ് പിന്നീട് ക്രീസിലെത്തിയത്. എന്നാൽ വെറും രണ്ട് പന്തുകൾ മാത്രം നീണ്ട സ്റ്റോയിനിസിൻ്റെ ഇന്നിംഗ്സ് രോഹിത് ശർമ്മയുടെ കൈകളിൽ അവസാനിച്ചു. റണ്ണൊന്നുമെടുക്കാതെയാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മടങ്ങിയത്. തുടർന്ന് സ്കോറിംഗ് ഉയർത്താൻ ശ്രമിച്ച എബി അവസാന ഓവറിലെ രണ്ടാം പന്തിൽ ദൗർഭാഗ്യകരമായി റണ്ണൗട്ടായി. 51 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 75 റൺസെടുത്താണ് എബി പുറത്തായത്. അവസാന നാല് പന്തുകളിൽ രണ്ട് വിക്കറ്റുകൾ വീണതോടെ ബാംഗ്ലൂരിൻ്റെ സ്കോർ 171ൽ അവസാനിച്ചു.
മുംബൈക്കു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ മലിംഗയാണ് തിളങ്ങിയത്. ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹർദ്ദിക്ക് പാണ്ഡ്യയും ജേസൻ ബെഹൻഡറോഫും മലിംഗക്ക് മികച്ച പിന്തുണ നൽകി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാലോവറിൽ 22 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയും മുംബൈക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here