ഇടതുപക്ഷത്തെ ന്യായീകരിച്ച് രാഹുൽ; ആർഎസ്എസ് ചെയ്തതു പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ല

ആർഎസ്എസും ഇടതുപക്ഷവും ഒരു പോലെയല്ലെന്നും ആർഎസ്എസ് ഈ രാജ്യത്തോട് ചെയ്തതു പോലെ ഇടതുപക്ഷം ചെയ്തിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർഎസ്എസ് ചെയ്തതു പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിച്ചിട്ടില്ല. കേരളത്തിലെ കോൺഗ്രസിന്റെ പ്രധാന എതിരാളി ഇടത് പക്ഷമാണെന്നത് ശരിയാണെന്നും എന്നാൽ മുഖ്യ എതിരാളി ആർഎസ്എസ് തന്നെയായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ആലപ്പുഴയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
രാജ്യത്ത് എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾ നിലനിർത്താനുള്ള അവകാശമുണ്ട്. ഈ അവകാശ സംരക്ഷണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസിന്റെ ആശയങ്ങളെ ഉന്മൂലനം ചെയ്യാനാണ് മോദിയുടെ ആഹ്വാനം. എന്നാൽ കോൺഗ്രസ് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് കോൺഗ്രസ് എതിർക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മോദി നൽകിയ ഏത് വാഗ്ദാനമാണ് പാലിച്ചിരിക്കുന്നത്. 15 ലക്ഷം രൂപ രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകുമെന്ന് മോദി കള്ളം പറഞ്ഞു. ഇത് ഒരിക്കലും നടപ്പിലാക്കാനാകാത്ത വാഗ്ദാനമാണ്. പാവപ്പെട്ടവർക്ക് എല്ലാം 15 ലക്ഷം നൽകിയാൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരും. ദരിദ്രർ കൂടുതൽ ദരിദ്രരാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. യാഥാർത്ഥ്യ ബോധത്തോടെയുള്ള പ്രഖ്യാപനത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യത്ത് ദാരിദ്രത്തിനെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്താനാണ് കോൺഗ്രസിന്റെ പദ്ധതിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here