Advertisement

അമ്പാട്ടി റായുഡു; തിരസ്കരിക്കപ്പെട്ട ക്രിക്കറ്റർ

April 16, 2019
Google News 0 minutes Read

അമ്പാട്ടി റായുഡു എന്ന പേര് ആദ്യം കേൾക്കുന്നത് ഐസിഎല്ലിലായിരുന്നു. ലളിത് മോദിയും ബിസിസിഐയും ഐപിഎല്ലിനെക്കുറിച്ച് സ്വപ്നം കണ്ട് തുടങ്ങുന്നതിന് ഒരു കൊല്ലം മുൻപ് ആരംഭിച്ച ഐസിഎല്ലിലെ ഹൈദരാബാദ് ഹീറോസിനു വേണ്ടി കളിക്കുന്ന വളരെ ടാലൻ്റഡായ ഒരു കളിക്കാരനെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. ഐസിഎല്ലിൻ്റെ സാധ്യതകൾ മനസ്സിലാക്കിയ ബിസിസിഐ തൊട്ടടുത്ത വർഷം വളരെ വലിയ ക്യാൻവാസിൽ ഐപിഎൽ തുടങ്ങുകയും ഐസിഎല്ലിൽ കളിച്ച എല്ലാ കളിക്കാരെയും ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. അതായിരുന്നു റായുഡുവിനുള്ള ആദ്യത്തെ തിരസ്കരണം.

പിന്നീട്, മൂന്നു വർഷത്തെ വിലക്കിനു ശേഷം 2010ൽ റായുഡു ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുകയാണ്. ക്രിക്കറ്റിൻ്റെ ചൂടൻ ചർച്ചകളിലേക്കോ മുഖ്യധാരയിലേക്കോ എത്തപ്പെട്ടിട്ടില്ലാത്ത എതോ ഒരു ആഭ്യന്തര താരം എന്ന് മാത്രം ലേബലുണ്ടായിരുന്ന റായുഡു മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് ലൈനപ്പിലെ സുപ്രധാന താരമായി മാറുന്നത് വളരെ പെട്ടെന്നാണ്. ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും അവസാന ഓവറുകളിൽ തകർത്തടിക്കാനും കഴിയുന്ന താരമെന്ന ഇമേജ് മുംബൈ സ്ക്വാഡിൽ റായുഡുവിന് ഒരു സ്ഥിര സ്ഥാനം നൽകി. മുംബൈയുടെ കിരീടധാരണങ്ങളിലും ലീഗ് പ്രകടനങ്ങളിലും തുല്യതയില്ലാത്ത പ്രകടനങ്ങൾ കാഴ്ച വെച്ച റായുഡുവിനെ തഴയാൻ സെലക്റ്റർമാർക്ക് സാധിക്കുമായിരുന്നില്ല. 2013 ജൂലൈ 24ന് സിംബാബ്‌വെക്കെതിരെ അദ്ദേഹം തന്റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചു. ആ മത്സരത്തിൽ 63 റൺസെടുത്ത് പുറത്താവാതെ നിന്ന റായുഡു നായകൻ വിരാട് കോഹ്‌ലിയുമായി ചേർന്ന് ഇന്ത്യയെ വിജയിപ്പിച്ചു.

ഇന്ത്യയുടെ നീലക്കുപ്പായത്തിൽ അവസരം കിട്ടിയപ്പോഴൊക്കെ മികച്ച കളി കെട്ടഴിച്ച റായുഡുവിൻ്റെ ഏകദിന ആവറേജ് 47.06 ആണ്. സ്ട്രൈക്ക് റേറ്റ് 79.04. 50 ഇന്നിംഗ്സിൽ നിന്നും അദ്ദേഹം നേടിയത് 1694 റൺസ്. ചൂണ്ടിക്കാണിക്കാൻ ഈ പ്രകടന മികവുണ്ടായിട്ടും ലോകകപ്പ് സ്ക്വാഡിൽ റായുഡുവിന് സ്ഥാനമില്ല. 33 വയസ്സിൻ്റെ കരിയർ അവസാനത്തിലേക്ക് കടക്കുമ്പോൾ നാല് വർഷങ്ങൾക്കപ്പുറം അദ്ദേഹം കളിത്തട്ടിലുണ്ടാവാൻ സാധ്യതയില്ല. ബിസിസിഐ തന്നെ ഭാഗികമായി നശിപ്പിച്ച ഒരു കരിയറില്ലായിരുന്നുവെങ്കിൽ എത്രയോ മുൻപ് തന്നെ ഇന്ത്യൻ ടീമിൽ കളിക്കേണ്ടയാളാണ് റായുഡു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here