സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്

സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു വരുന്നതായും ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

2018- നാലാം പാദത്തിലെ കണക്കനുസരിച്ച് സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12.7 ശതമാനമാണ്. 2017-ല്‍ ഇത് 12.8 ശതമാനമായിരുന്നു. സൗദി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 42.7 ശതമാനത്തില്‍ നിന്നും 36.6 ശതമാനമായി കുറഞ്ഞതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പറയുന്നു. തൊഴില്‍ വിപണിയില്‍ സൗദി വനിതകളുടെ എണ്ണവും കഴിഞ്ഞ വര്‍ഷം വര്‍ധിച്ചു. 2017-ല്‍ 19.4 ശതമാനമായിരുന്ന സൗദി വനിതാ തൊഴിലാളികള്‍ 2018-ല്‍ 20.2 ശതമാനമായി വര്‍ധിച്ചു. സ്വകാര്യ മേഖലയിലെ സൗദിവല്‍ക്കരണം ഒരു വര്‍ഷം കൊണ്ട് 19.9 ശതമാനത്തില്‍ നിന്നും 21.8 ശതമാനമായി വര്‍ധിച്ചു.

Read Also : സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയാൽ അയ്യായിരം റിയാൽ പിഴ

2017 തുടക്കം മുതല്‍ 2018 അവസാനം വരെ പതിനാറ് ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട്‌ പറയുന്നു. 2018-ല്‍ മാത്രം പത്ത് ലക്ഷത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. നിര്‍മാണ മേഖലയില്‍ മാത്രം 9,10,000 വിദേശികള്‍ക്കും 41,000 സ്വദേശികള്‍ക്കും ജോലി നഷ്ടപ്പെട്ടു. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് ജോലി കണ്ടെത്താന്‍ നിരവധി പദ്ധതികള്‍ സൗദി തൊഴില്‍ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top