കെ സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കണമെന്ന് കെ.കെ ശൈലജ

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സുധാകരൻ പുറത്തിറക്കിയ പരസ്യചിത്രം സ്ത്രീവിരുദ്ധമാണെന്നും ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നു വരണമെന്നും ശൈലജ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.
മന്ത്രി കെ.കെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കണ്ണൂർ പാർലമെന്റ് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി പുറത്തിറക്കിയ പരസ്യചിത്രം കടുത്ത സ്ത്രീവിരുദ്ധവും, സ്ത്രീസമൂഹത്തെ ആകെ അവഹേളിക്കുന്നതും ആണ്. ചൊവ്വയിലേക്ക് പോലും സ്ത്രീകൾ എത്തിച്ചേരാൻ തയ്യാറെടുക്കുന്ന കാലമാണിത്. ഈ സമയത്താണ് സ്ത്രീകൾ പോയാൽ ഒന്നും നടക്കില്ലെന്ന് ഒരു യുഡിഎഫ് സ്ഥാനാർഥിയുടെ പരസ്യ ചിത്രത്തിൽ പറയുന്നത്. ഈ സ്ത്രീവിരുദ്ധ പരസ്യം കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യമാക്കിയുള്ളതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയും, മന്ത്രിയായും, എം പി ആയും വളരെ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മാർത്ഥമായി സാമൂഹ്യ പ്രവർത്തനം നടത്തുന്നവരെ കുറിച്ച് ഇത്ര മോശമായ പരാമർശങ്ങൾ നടത്തുന്നവർ കേരളത്തിന്റെ ഉന്നതമായ സാമൂഹ്യ, ജനാധിപത്യ ബോധം ഉൾക്കൊള്ളുന്നില്ല. എതിർ സ്ഥാനാർഥിക്കെതിരെ സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസ് എടുക്കണം. കുടുംബത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനോടൊപ്പം സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടി ചുമലിലേറ്റുന്ന സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നു വരണം.
സ്ത്രീയായതിലും, അമ്മയായതിലും,
ടീച്ചർ ആയതിലും അഭിമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here