നവജാത ശിശുവിനെതിരെ വർഗീയ പരാമർശം; പ്രതി ഒളിവിൽ

നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾ ഒളിവിൽ. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടുന്നതായും പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ കോതമംഗലം പൈങ്ങോട്ടൂർ കടവൂർ സോമസുന്ദരത്തിന്റെ മകൻ ബിനിൽ സോമസുന്ദരത്തിനെതിരെ എറണാകുളം സെൻട്രൽ പോലീസാണു കേസെടുത്തിട്ടുള്ളത്. മതവിദ്വേഷം പരത്തി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ.എ. അൻഷാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ഇയാൾ പലപ്പോഴും വീട്ടിലെത്താറില്ലെന്ന വിവരമാണു അന്വേഷണത്തിൽ ലഭിച്ചതെന്നു പോലീസ് പറഞ്ഞു. പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമുയർന്നതോടെ മദ്യലഹരിയിലാണ് പോസ്റ്റിട്ടതെന്ന് പറഞ്ഞ് ഇയാൾ മാപ്പപേക്ഷയും നടത്തിയിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന സംശയമുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു.
ഹൃദയത്തിനു ഗുരുതര തകരാർ സംഭവിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മംഗലാപുരത്തുനിന്ന് ആംബുലൻസിൽ അമൃത ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തേക്കു കൊണ്ടുപോയ കുഞ്ഞിന് സർക്കാർ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സാ സൗകര്യമൊരുക്കുകയായിരുന്നു. ഇതിനെതിരെയാണ് മതസ്പർധ വളർത്തുന്ന തരത്തിൽ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here