ഇന്ന് പെസഹ വ്യാഴം
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് പെസഹ ആചരണം. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കാല്‍കഴുകൽ ശുശ്രൂഷയും നടക്കും.
കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്‍റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ രാവിലെയാണ് നടക്കുന്നത്. പെസഹ ആചരിക്കുന്നതിന്‍റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും.
പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.
അതിന് ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി നടത്തും. ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here