Advertisement

‘ഒരിഞ്ച് സർക്കാർ ഭൂമി പോലും സ്വകാര്യ വ്യക്തിക്ക് സ്വന്തമാകില്ലെന്ന് ഉറപ്പു വരുത്തണം’; പിണറായി സർക്കാരിനെ വിമർശിച്ച് വി എസ് അച്യുതാനന്ദൻ

April 18, 2019
Google News 1 minute Read

സർക്കാർ ഭൂമി കയ്യേറ്റ വിഷയത്തിൽ പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. ഭൂമിയെ കേവലം ചരക്കായി കാണുന്നത് മുതലാളിത്ത രീതിയാണെന്നും അതിനെതിരെ എന്നും പടപൊരുതിയ പ്രസ്ഥാനങ്ങളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെന്നും വിഎസ് ഓർമിപ്പിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുമ്പോൾ, ഒരിഞ്ച് സർക്കാർ ഭൂമി പോലും സ്വകാര്യ വ്യക്തികൾ സ്വന്തമാക്കില്ല എന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎസ് ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാർ ഭൂമി അന്യാധീനപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വില്ലേജ് ഓഫീസറിലോ, തഹസിൽദാരിലോ കെട്ടിവെച്ച് നമുക്ക് ധാർമ്മിക ഉത്തരവാദിത്വത്തിൽനിന്ന് രക്ഷപ്പെടാനാവില്ല. വേണ്ട സമയത്ത് അപ്പീലിന് ശ്രമിക്കുകയോ, വേണ്ട രീതിയിൽ കേസ് വാദിക്കുകയോ ചെയ്യാത്തതാണ് സർക്കാർ ഭൂമി അന്യാധീനപ്പെടാനിടയാക്കിയത് എന്ന വിമർശനത്തെ ഗൗരവത്തോടെ കാണണമെന്നും വി എസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് ‘ഇത് സർക്കാർ ഭൂമിയാണ്’ എന്നെഴുതി ചിന്നക്കനാലിൽ സ്ഥാപിച്ച ഒരു ബോർഡും, അതിൻറെ അതിരുകളിലൂടെ സ്വകാര്യ വ്യക്തികൾ വളച്ചുകെട്ടിയ പതിനൊന്ന് ഏക്കറിൻറെ ചിത്രവും ഇന്ന് എൻറെ ശ്രദ്ധയിൽ പെട്ടു. സർക്കാർ ഭൂമി സ്വകാര്യ സ്വത്താക്കി മാറ്റാൻ കോടതികളിലൂടെ സാധിക്കുന്നു എന്നത് കോടതികളുടെ കുറ്റമല്ല. സർക്കാരിൻറെ ഭൂമി സംരക്ഷിക്കാൻ സർക്കാരിന് താൽപ്പര്യമില്ലെങ്കിൽ ഞങ്ങളെന്ത് ചെയ്യും എന്ന് ചോദിക്കുന്ന രീതിയിലാണ് കോടതിയുടെ വിധികൾ.

സർക്കാർ ഭൂമി അന്യാധീനപ്പെടുന്നതിൻറെ ഉത്തരവാദിത്വം ഏതെങ്കിലും വില്ലേജ് ഓഫീസറിലോ, തഹസിൽദാരിലോ കെട്ടിവെച്ച് നമുക്ക് ധാർമ്മിക ഉത്തരവാദിത്വത്തിൽനിന്ന് രക്ഷപ്പെടാനാവില്ല. വേണ്ട സമയത്ത് അപ്പീലിന് ശ്രമിക്കുകയോ, വേണ്ട രീതിയിൽ കേസ് വാദിക്കുകയോ ചെയ്യാത്തതാണ് സർക്കാർ ഭൂമി അന്യാധീനപ്പെടാനിടയാക്കിയത് എന്ന വിമർശനത്തെ ഗൗരവത്തോടെ കാണണം.

ഭൂമിയെ കേവലം ചരക്കായി കാണുന്നത് മുതലാളിത്ത രീതിയാണ്. അതിനെതിരെ എന്നും പടപൊരുതിയ പ്രസ്ഥാനങ്ങളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുമ്പോൾ, ഒരിഞ്ച് സർക്കാർ ഭൂമി പോലും സ്വകാര്യ വ്യക്തികൾ സ്വന്തമാക്കില്ല എന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ ഈ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here