മമ്മൂട്ടിക്കൊപ്പം പൃഥ്വിയും ഉണ്ണി മുകുന്ദനും; ‘പതിനെട്ടാം പടി’യിൽ താരനിര

നടനും തിരക്കഥാകൃത്തുമായി മലയാളത്തില്‍ തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭമാണ് പതിനെട്ടാം പടി. മമ്മൂട്ടി നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. മമ്മൂട്ടിക്കൊപ്പം വമ്പൻ തരനിര ചിത്രത്തിലുണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ പുറത്തു വരുന്ന ഒരു ചിത്രം ആ റിപ്പോർട്ടുകൾ ശരി വെക്കുന്നതാണ്.
പൃഥ്വിരാജും ഉണ്ണി മുകുന്ദനുമാണ് ഏറ്റവും പുതുതായി ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുവരും സംഘത്തിനൊപ്പം ചേർന്നത്. ഇരുവരും ശങ്കർ രാമകൃഷ്ണനൊപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. സിനിമയുടെ നിര്‍മ്മാതാക്കളായ ആഗസ്റ്റ് സിനിമാസിന്‌റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം പുറത്തു വിട്ടത്.
ഇവരെ കൂടാതെ 60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. പ്രിയ ആനന്ദ്,സാനിയ അയ്യപ്പന്‍,അഹാന കൃഷ്ണ, ബിജു സോപാനം,മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീത സംവിധാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here