കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 19 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 വരെയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
നാളെ പാലക്കാട് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിച്ചിരിക്കുയയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ശക്തമായ മഴയും ഇടിയും ഉണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളിലെ ആളുകള്‍ കൃത്യമായ ജാഗ്രത നിര്‍ദ്ദേശം പാലിക്കേണ്ടതുണ്ട്.
പാലക്കാട് ,മലപ്പുറം, തൃശ്ശൂര്‍ എന്നി ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്നു പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന് പ്രചാരണം നടത്തുക. മരങ്ങള്‍ക്ക് താഴെ വാഹനം പാര്ക്ക് ചെയ്യാതിരിക്കുവാന് ശ്രദ്ധിക്കണം എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ഇടി മിന്നല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍
ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും വിലക്കുക. മഴക്കാര്‍ കാണുമ്പോള്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക. മുന്‍ അനുഭവങ്ങളില്‍ മഴക്കാറ് കണ്ട് വളര്‍ത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാനും പോയ വീട്ടമ്മമാരില്‍ കൂടുതലായി ഇടിമിന്നല്‍ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വീട്ടമ്മമാര്‍ പ്രത്യേകമായി ശ്രദ്ധിക്കുക.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുക, മൈക്ക് ഉപയോഗിക്കാതിരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here