ആർസിബിയെ ഇനി ആരു രക്ഷിക്കും?

തോറ്റു തോറ്റ് പാതാളത്തിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഇനി ആരു രക്ഷിക്കുമെന്നതാണ് വലിയൊരു ചോദ്യം. എട്ടിൽ ഏഴും തോറ്റ് പോയിൻ്റ് ടേബിളിൽ അവസാനമാണ് കോഹ്ലിപ്പട. എന്താണ് ബാംഗ്ലൂരിൻ്റെ പ്രശ്നമെന്നത് പരസ്യമായ ഒരു രഹസ്യമാണ്. അതിനി തിരിച്ചറിയാൻ ബാക്കിയുള്ളത് ടീം മാനേജ്മെൻ്റ് മാത്രമാണെന്നതാണ് ഏറ്റവും വലിയ ദുരന്തം.
എല്ലാ സീസണിലും ബാംഗ്ലൂർ ടീം ബിൽഡ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ്. വിരാടിനെയും ഡിവില്ല്യേഴ്സിനെയും അവിടെ നിർത്തുന്നു. ലേലത്തിൽ കൂറ്റനടിക്കാരെ നോക്കി ചറപറാ വിളിച്ചെടുക്കുന്നു. ബൗളർമാരുടെ ടാബെത്തുമ്പോൾ തീരെ താത്പര്യമില്ലാതെ ആരെയെങ്കിലുമൊക്കെ ടീമിലെത്തിക്കുന്നു. ഇതാണ് എല്ലാ സീസണിലെയും ആർസിബിയുടെ സ്ട്രാറ്റജി. ഇക്കൊല്ലം അതിനൊരു മാറ്റം വരുത്താൻ അവർ ശ്രമിച്ചതാണ്. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിലേക്ക് നഥാൻ കോൾട്ടർ നൈലിനെ എത്തിച്ചതാണ്. പക്ഷേ, പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുമ്പോലെ കോൾട്ടർ നൈലിന് പരിക്ക്. ബാക്കിയുള്ളത് ഉമേഷ് യാദവും മുഹമ്മദ് സിറാജും ടിം സൗത്തിയും. സൗത്തി മോശമല്ലാത്ത ടി-20 റെക്കോർഡുള്ള കളിക്കാരനാണ്. പക്ഷേ, ആർസിബിയിലെത്തിപ്പെട്ടതോടെ വീണ്ടും ആ പഴഞ്ചൊല്ല് അന്വർത്ഥമാവുകയാണ്. പാപി ചെല്ലുന്നിടം പാതാളം!
കോൾട്ടർ നൈലിനു പകരം സ്റ്റെയിനെ ടീമിലെത്തിച്ചിട്ടുണ്ട്. നല്ല റെക്കോർഡുള്ള കിടിലൻ ബൗളറാണ് സ്റ്റെയിൻ. ഐപിഎല്ലിൽ ഏഴിനു താഴെ എക്കണോമിയും 25 ആവറേജുമുണ്ട്. പക്ഷേ, വരവ് ആർസിബിയിലേക്കാണ്. ഫിംഗേഴ്സ് ക്രോസ്ഡ്!
ഇന്ത്യക്കെതിരെ സംഹാരതാണ്ഡവം നടത്തിയ വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ഷിംറോൺ ഹെട്മെയറെ ആർസിബി വിളിച്ചെടുത്തത് 4.20 കോടി രൂപയ്ക്കാണ്. ആർസിബിക്ക് വേണ്ടി കളിച്ചത് 4 മാച്ച്. ആകെ പതിനഞ്ച് റൺസാണ് ഹെട്മെയറിൻ്റെ സമ്പാദ്യം. ഉയർന്ന സ്കോർ ഒൻപത്. സ്ട്രൈക്ക് റേറ്റും ആവറേജുമൊന്നും പരിശോധിക്കാതിരിക്കുന്നതാണ് ഭേദം. ലേലത്തുകയും പ്രകടനങ്ങളും പരിശോധിക്കുമ്പോൾ ആർസിബിയുടെ ആകെ ആശ്വാസം രാജസ്ഥാൻ റോയൽസ് മാത്രമാണ്. അവിടെ ആ കാറ്റഗറിയിലുള്ളത് രണ്ടു പേരാണല്ലോ.
ഇതിലും മേലെ ആർസിബിക്ക് ഒരു പ്രശ്നമുണ്ട്. ടീം മാനേജ്മെൻ്റ്. അവിടെ ബെഞ്ചിലിരുന്ന് കാറ്റു കൊള്ളുന്നത് വാഷിംഗ്ടൺ സുന്ദറും ഹെൻറിച്ച് ക്ലാസനുമൊക്കെയാണ്. വാഷിംഗ്ടൺ സുന്ദർ കഴിഞ്ഞ സീസണിൽ ആർസിബിക്ക് വേണ്ടി നടത്തിയ പ്രകടനങ്ങൾ അവർ ഇത്ര വേഗം മറന്നോ? പവർ പ്ലേയിൽ പന്തെറിഞ്ഞ് കുറേയധികം വിക്കറ്റെടുത്തിട്ടുള്ള താരമാണ് വാഷിംഗ്ടൺ സുന്ദർ. അയാളെ എന്തിനാണ് ബെഞ്ചിലിരുത്തിയിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
ടീം ആകെ ഒന്ന് അഴിച്ചു പണിതാലേ ആർസിബിക്ക് രക്ഷയുള്ളൂ. ഈ സീസണിലല്ല, അടുത്ത സീസണിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here