കുമ്മനത്തിന് പിന്തുണ നൽകിയതിൽ ഉറച്ചു നിൽക്കുന്നു; ബിജെപി വേദിയിൽ എത്തിയതിന് പിന്നിൽ ശശി തരൂരുമായുളള അഭിപ്രായ വ്യത്യാസം; തുറന്നു പറഞ്ഞ് ടി പി ശ്രീനിവാസൻ

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണ അറിയിച്ച് വിദേശകാര്യ വിദഗ്ധനും മുൻ അംബാസിഡറുമായ ടി പി ശ്രീനിവാസൻ ബിജെപി വേദിയിൽ എത്തിയത് വിവാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സങ്കൽപ് റാലിയിലാണ് ടി പി ശ്രീനിവാസൻ പങ്കെടുത്തത്. ഇതിന് പിന്നാലെ വിവാദങ്ങൾക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടി പി ശ്രീനിവാസൻ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ എന്തുകൊണ്ട് ബിജെപി വേദിയിൽ എത്തി എന്നതിന് രണ്ടു കാരണങ്ങളാണ് ശ്രീനിവാസൻ ചൂണ്ടിക്കാട്ടുന്നത്.
കുമ്മനം രാജശേഖരന്റെ ക്ഷണം സ്വീകരിച്ചാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറയുന്നു. ബിജെപി വേദിയിൽ തന്റെ സാന്നിദ്ധ്യം വലിയ വാർത്തയായത് തന്നെ അദ്ഭുതപ്പെടുത്തുന്നു. അത് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. താൻ എന്തുകൊണ്ടാണ് ആ പരിപാടിയിൽ പങ്കെടുത്തതെന്ന് സന്തോഷത്തോടെ ജനങ്ങളോട് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. രണ്ട് കാരണങ്ങൾ കൊണ്ടാണ് ആ പരിപാടിയിൽ താൻ പങ്കെടുത്തത്. വാഷിങ്ടണിൽ അംബാസഡറായിരിക്കെ മോദിയെ വീട്ടിലേക്ക് ക്ഷണിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നു.
തന്റെ നാട്ടിൽ അദ്ദേഹം എത്തിയപ്പോൾ സ്വീകരിക്കാനുള്ള അവസരമായാണ് ആ പരിപാടിയെ കണ്ടത്. അതാണ് ഒരു കാരണമായി എടുത്തു പറയാനുള്ളത്. മറ്റൊന്ന് തിരുവനന്തപുരം പുതിയൊരു എംപിയെ ആവശ്യപ്പെടുന്നു എന്നുള്ളതാണ്. ശശി തരൂർ നല്ല വാഗ്മിയും എഴുത്തുകാരനുമാണ്. എന്നാൽ അദ്ദേഹത്തെ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ കാണാൻ താൻ താൽപര്യപ്പെടുന്നില്ല. അദ്ദേഹത്തിന് കേരളവുമായി ബന്ധമില്ല. ശശി തരൂർ പുറത്തുനിന്നുള്ള ആളാണ്. കുമ്മനം ഈ നാട്ടുകാരനാണ്. കഴിവുള്ളവനാണ്. അദ്ദേഹത്തിന് ആർഭാടമില്ല. ബാങ്ക് ബാലൻസുമില്ല. തിരുവനന്തപുരത്തെ കുമ്മനം രാജശേഖരൻ പാർലമെന്റിൽ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുമ്മനത്തിന് ഒരിക്കൽ കൂടി പിന്തുണ അറിയിച്ചുകൊണ്ടാണ് ടി പി ശ്രീനിവാസൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതിനിടെ ശശി തരൂരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് നിലപാടിന് പിന്നിലെ കാരണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിന് അതൊരു ഘടകമാണെന്ന് ടി പി ശ്രീനിവാസൻ മറുപടി നൽകുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here