ഹ്യൂമേട്ടൻ പൂനെ വിടുന്നു; തിരികെ ബ്ലാസ്റ്റേഴ്സിലേക്കെന്ന് സൂചന

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട ഹ്യൂമേട്ടൻ പൂനെ സിറ്റി എഫ്സി വിടുന്നു എന്ന് സൂചന. തൻ്റെ പഴയ തട്ടകമായ ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ ഹ്യൂം എത്തുമെന്നാണ് റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കു വെച്ച ഒരു വീഡിയോ ആണ് ഈ റിപ്പോർട്ടുകൾക്കാധാരം.
കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഐഎസ്എൽ യാത്രകളിൽ വലിയ പങ്കു വഹിച്ചയാളാണ് കനേഡിയൻ വംശജനായ ഇയാൻ ഹ്യൂം. ആരാധകർ സ്നേഹപൂർവ്വം ഹ്യൂമേട്ടൻ എന്നു വിളിച്ച അദ്ദേഹത്തിന് ആരാധരെയും ഏറെ ഇഷ്ടമായിരുന്നു. മൂന്ന് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ അദ്ദേഹം ബ്ലാസ്റ്റേഴ്സിൻ്റെ ടോപ്പ് സ്കോറർ ആയിരുന്നു. അടുത്തിടെ മലയാളി താരം സികെ വിനീതാണ് ഹ്യൂമിൻ്റെ ആ റെക്കോർഡ് തകർത്തത്.
2014 സീസണിലാണ് ഇയാൽ ഹ്യൂം ആദ്യം ബ്ലാസ്റ്റേഴ്സിനായി ബൂട്ടു കെട്ടിയത്. 16 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ സ്കോർ ചെയ്ത അദേഹം ആ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2015-2016 സീസണിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയിൽ കളിച്ചു. 2017ൽ വീണ്ടും ബ്ലാസ്റ്റേഴ്സിലേക്ക് തിരികെയെത്തിയ ഹ്യൂം 13 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞു. ആ സീസണിൽ 5 ഗോളുകളും ഹ്യൂം നേടിയിരുന്നു. എന്നാൽ ആ സീസണിൽ പരിക്കുകൾ വലച്ചതോടെ ഹ്യൂമിനെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തു. ഈ സീസണിൽ പൂനെ സിറ്റി എഫ്സിക്കായി ബൂട്ടണിഞ്ഞ ഹ്യൂം ഒരു ഗോൾ നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here