പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊന്ന് ചെടിച്ചട്ടിയിൽ കുഴിച്ചിട്ടു; അമ്മ അറസ്റ്റിൽ

പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊന്ന് ചെടിച്ചട്ടിയിൽ കുഴിച്ചിട്ട അമ്മ അറസ്റ്റിൽ. ടെക്‌സസിലെ കരോൾട്ടണിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ ജാസ്മിൻ ലോപസാണ് പോലീസ് പിടിയിലായിരിക്കുന്നത്. പതിനെട്ട് വയസ്സാണ് പിടിയിലായ അമ്മയുടെ പ്രായം.

മാർച്ച് മൂന്നിനാണ് കൊലപാതകം നടക്കുന്നത്. കൂടെ താമസിക്കുന്നവർ പോലും അറിയാതെ സ്വന്തം കിടപ്പുമുറിയിലാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. തുണി മുഖത്തിട്ട് മരണം ഉറപ്പാക്കിയ ശേഷമാണ് ചെടിച്ചട്ടിയിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. തുടർന്ന് ചെടിച്ചട്ടി സമീപത്തുള്ള സെമിത്തേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജാസ്മിൻ അറസ്റ്റിലാകുന്നത്.

Read Also : പെരിന്തൽമണ്ണയിൽ നിന്നും ശ്രീചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം; കാർഡിയാക് ഐസിയുവിലേക്ക് മാറ്റി

കുഞ്ഞ് കരയാൻ ശ്രമിക്കുന്നതിനിടെ തുണി ഉപയോഗിച്ചു കുട്ടിയുടെ മുഖം അമർത്തി മരണം ഉറപ്പാക്കി. തുടർന്ന് കുട്ടിയെ ബാഗിലാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തി. കുട്ടി മരിച്ചുവെന്നു വീണ്ടും ഉറപ്പാക്കിയ ശേഷം ഇരുവരും ചേർന്ന് വലിയൊരു ചെടിച്ചട്ടി വാങ്ങി അതിനുള്ളിൽ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടി. തുടർന്ന് അടുത്തദിവസം പെറി സെമിത്തേരിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ജനിക്കുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് ജാസ്മിൻ പോലീസിന് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്. പ്രസവിച്ച ഉടനെ ക്യാമറയിൽ കുട്ടിയുടെ മുഖം പതിഞ്ഞിരുന്നു. ഇതിൽ നിന്ന് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി പോലീസിനു മനസിലായി. അറസ്റ്റിനുശേഷം ജാസ്മിനെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി.

Top