പെരുമാറ്റച്ചട്ടലംഘനം; ശശി തരൂരിനെതിരെ കേസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു. ‘വൈ ഐ ആം എ ഹിന്ദു ‘എന്ന പുസ്തകത്തിന്റെ കവർ പോസ്റ്ററിൽ ഉപയോഗിച്ചതിനാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് എൻഡിഎ നൽകിയ പരാതിയിലാണ് നടപടി. മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരം ഡിസിസി അദ്ദേഹത്തിന്റെ 20 പുസ്തകങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ തയ്യാറാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിരുന്നു. ഇതിനെതിരയാണ് എൻഡിഎ പരാതി നൽകിയത്.
അതേസമയം, തന്റെ സ്വകാര്യ സ്വത്തായ പുസ്തകത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ബിജെപിക്ക് എന്താണ് അവകാശമെന്നായിരുന്നു തരൂരിന്റെ വാദം. താനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കാൻ വേണ്ടി തിരുവനന്തപുരം ഡിസിസി ഇറക്കിയ പോസ്റ്ററാണത്. അതിന്റെ പേരിലാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. ആ പുസ്തകം പൊതുസ്വത്തല്ല, കഴിഞ്ഞ വർഷം ജനുവരിയിലിറക്കിയ പുസ്തകമാണെന്നും തരൂർ പറഞ്ഞിരുന്നു. പുസ്തകത്തിന്റെ കവർവെച്ച് തരൂർ പോസ്റ്റർ ഇറക്കിയതാണ് യഥാർഥ വർഗീയത എന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here