തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വർഗീയ ധ്രുവീകരണശ്രമെന്ന് പിണറായി വിജയൻ

താൽക്കാലിക നേട്ടത്തിനായി ബിജെപി മതനിരപേക്ഷമൂല്യങ്ങൾ തകർത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞടുപ്പ് പ്രചാരണങ്ങളിൽ വർഗീയ ധ്രുവീകരണശ്രമം നടന്നതായും പിണറയി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഉത്തരേന്ത്യയിലെ വംശഹത്യയുടെ നേതാക്കൾ കേരളത്തിൽ റോഡ് ഷോ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രത്യേക സംസ്‌കാരം രാജ്യത്ത് ഉയർത്താൻ ചില ശക്തികൾ ശ്രമിക്കുമ്പോൾ അത് കേരളത്തിലും നടക്കുന്നുണ്ട്. അതിന്റെ ഭാഗാമാണ് ചില സർവെ റിപ്പോർട്ടുകളും വാർത്താ നിരൂപണങ്ങളുമെന്ന് നാം സ്വയം തിരിച്ചറിയേണ്ടതുണ്ട്. അല്ലെങ്കിൽ അങ്ങേയറ്റം ആപത്കരമാകും സംഭവിക്കുക. അത് ഉണ്ടാക്കരുതെന്നാണ് കാലം ആവശ്യപ്പെടുന്നത്. തെറ്റായ കാര്യങ്ങൾ പകർത്താൻ ശ്രമിച്ചാൽ നമ്മൾ തന്നെ നമ്മുടെ ശവക്കുഴി തോണ്ടുന്ന അവസ്ഥയിലാകും. അവർക്ക് വിഹരിക്കാൻ സൗകര്യം കൊടുത്താൽ നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യമായിരിക്കും തകരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മണ്ഡലങ്ങളിലെ പ്രചാരണം പരിശോധിച്ചാൽ പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. എന്നാൽ ചിലയിടങ്ങളിൽ യുഡിഎഫും ബിജെപിയും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലയാണുള്ളത്. അത് കേരളം നേരത്തെ കണ്ടതാണ്. കേരളത്തിൽ എത്തിയപ്പോൾ അമിത് ഷാ ബിജെപിയുടെ പച്ചക്കൊടിയെ പറ്റി പറയുകയുണ്ടായി. ലീഗിന് അക്കാലത്തും അതേ പച്ചക്കൊടിയാണുണ്ടായിരുന്നതെന്ന് നാം ഓർക്കണം. ദശാബ്ദങ്ങൾക്ക് ശേഷം നിയമസഭയിൽ അക്കൗണ്ട് തുറക്കാനായത് കോൺഗ്രസിന്റെ സഹായത്തോടെയാണെന്ന് അന്നത്തെ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here