Advertisement

സ്‌ഫോടനം; കാസർഗോഡ് സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽ സംസ്‌കരിക്കും

April 22, 2019
Google News 1 minute Read

ശ്രീലങ്കയിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട കാസർഗോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽ തന്നെ സംസ്‌കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നോർക്ക അധികൃതർ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.

ശ്രീലങ്കിലുള്ള ബന്ധുക്കളെ കാണുന്നതിന് വേണ്ടിയായിരുന്നു റസീന കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ എത്തിയത്. സ്‌ഫോടനമുണ്ടായ ഷാൻഗ്രി- ലാ ഹോട്ടലിലായിരുന്നു റസീന താമസിച്ചിരുന്നത്. ഇവിടെ ഭർത്താവ് ഖാദർ കുക്കാടിയുമൊത്ത് വെള്ളിയാഴ്ച മുതൽ താമസിച്ചുവരികയായിരുന്നു റസീന. ഞായറാഴ്ച രാവിലെ ഖാദർ ജോലി സ്ഥലമായ ദുബായിലേക്ക് പോയിരുന്നു. തുടർന്ന് ഹോട്ടൽ മുറിയൊഴിഞ്ഞ് സഹോദരൻ ബഷീറിന്റെ കൊളംബോയിലെ വീട്ടിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം നടന്നത്.

അതേസമയം, കൊളംബോയിൽ എട്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തിൽ 300 ഓളം പേർ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റതായും വാർത്തയുണ്ട്. സംഭവത്തിൽ ഏഴോളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ രാവിലെ പ്രാദേശിക സമയം 8.45 ഓടെയാണ് കൊളംബോയിൽ ആറിടങ്ങളിൽ സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഇതിന് പിന്നാലെ ഉച്ചയോടെ രണ്ടിടങ്ങളിലും സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദുചെയ്യുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here