പരിമിതികൾക്കിടയിലും വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് ഒരു സർക്കാർ വിദ്യാലയം; വിദ്യാർത്ഥികൾക്ക് പുസ്തകം വീട്ടിലെത്തിച്ച് നൽകി അധ്യാപകർ

പരിമിതികൾക്കിടയിലും വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് ആലപ്പുഴയിലെ ഒരു സർക്കാർ വിദ്യാലയം. അടുത്ത അധ്യയന വർഷം നൽകേണ്ട പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീട്ടിൽ എത്തിച്ചു നൽകിയാണ് ഈ സ്‌കൂൾ വ്യത്യസ്തമാകുന്നത്. വിദ്യാർത്ഥികൾക്ക് വേണ്ടി സ്‌കൂളിലെ അധ്യാപകർ ചേർന്നാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌ക്കരിച്ചത്. ‘വീടറിയാം നാടറിയാം കുട്ടികളെ അറിയാം’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനോടകം 150 ഓളം വിദ്യാർത്ഥികൾക്കാണ് അധ്യാപകർ വീട്ടിൽ എത്തി പുസ്തകം വിതരണം ചെയ്തത്.

ആലപ്പുഴ രാമപുരത്തുള്ള സർക്കാർ എൽ പി സ്‌കൂളിലാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കായംകുളം സബ്ജില്ലയിൽ വരുന്നതാണ് ഈ സ്‌കൂൾ. സർക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ശോഭ പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്‌കൂൾ അടക്കുന്നതിന് മുൻപുതന്നെ ഒന്നാം വാല്യ പുസ്‌കങ്ങൾ ലഭിച്ചിരുന്നു. പുസ്‌കങ്ങൾ വിദ്യാർത്ഥികൾക്ക് നൽകണമെന്ന നിർദ്ദേശം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. കൊച്ചു കുട്ടികളുടെ കൈയിൽ പുസ്തകം കൊടുത്തുവിട്ടാൽ അവർ അത് ഏത് രീതിയിൽ കൈകാര്യം ചെയ്യുമെന്നുള്ള അഭിപ്രായം അധ്യാപകർക്കിടയിൽ ഉയർന്ന സാഹചര്യത്തിലാണ് പുസ്തകം വിദ്യാർത്ഥികളുടെ വീട്ടിൽ എത്തിച്ചു നൽകാണെന്ന തീരുമാനത്തിൽ തങ്ങൾ എത്തിയതെന്ന് ശോഭ ടീച്ചർ പറയുന്നു.

പൊതു വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ സാമൂഹിക സാഹചര്യങ്ങൾ മികച്ചതായിരിക്കണെന്നില്ല. സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരിക്കും. വിദ്യാർത്ഥികളുടെ അത്തരത്തിലുള്ള സാഹചര്യങ്ങൾ നേരിട്ട് മനസിലാക്കുവാനും അവർക്ക് കൈത്താങ്ങാകാനും പദ്ധതി ഉപകരിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നു മുതൽ വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തു തുടങ്ങി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുസ്തക വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നാളെ വോട്ടെടുപ്പിന് ശേഷം വീണ്ടും പുസ്തക വിതരണം ആരംഭിക്കാനാണ് അധ്യാപകരുടെ തീരുമാനം.

250 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂൾ ഏറെ പരിമിതികളോടെയാണ് പ്രവർത്തിക്കുന്നത്. സ്‌കൂൾ പ്രവർത്തിക്കുന്നത് പഴയ ഒരു കെട്ടിടത്തിലാണ്. ഹൈവേയ്ക്കുവേണ്ടി സർക്കാർ ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിൽ ഈ സ്‌കൂളും ഉൾപ്പെടും. സ്ഥലം എംഎൽഎയുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ധനസഹായം ലഭിച്ചതിൽ നിന്നും നിർമ്മിച്ച ഒരു കെട്ടിടത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിക്കുന്നത്. 250 കുട്ടികൾക്ക് ആ കെട്ടിടം മതിയാകുന്നില്ലെന്നാണ് അധ്യാപകർ പറയുന്നത്. കഴിഞ്ഞ ബജറ്റിൽ സ്‌കൂളിന് വേണ്ടി 3 കോടി രൂപ വകയിരുത്തിയതായി എംഎൽഎ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാൽ അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് അറിയില്ലെന്നും അധ്യാപകർ പറഞ്ഞു.

പരിമിതികൾക്കിടയിലും വിദ്യാർത്ഥികൾക്കാണ് ഈ സ്‌കൂളിലെ അധ്യാപകർ പ്രഥമ പരിഗണ നൽകുന്നത്. തങ്ങൾക്ക് കഴിയുന്നിടത്തോളം വിദ്യാർത്ഥികൾക്ക് ചെയ്ത് നൽകണമെന്ന് അവർ ആഗ്രഹിക്കുന്നു. മികച്ച പദ്ധതികൾ നടപ്പിലാക്കണമെന്നും അത് എന്തൊക്കെയാകണമെന്നും ഇവർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിന് സർക്കാരിന്റെ പിന്തുണയാണ് ആവശ്യം. സർക്കാർ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More