ടൊവിനോക്ക് ജനാധിപത്യത്തിലെ പ്രായപൂർത്തിയായത് ഇപ്പോഴെന്ന് സെബാസ്റ്റ്യൻ പോൾ, ഇങ്ങനെ മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്ന് ടൊവിനോ; ഒടുവിൽ ഖേദപ്രകടനം

നടന്മാരായ മോഹൻലാലും ടൊവിനോയും കന്നിവോട്ടാണ് ചെയ്തതെന്ന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോൾ. മോഹൻലാലിനും ടൊവിനോയ്ക്കും ജനാധിപത്യത്തിലെ പ്രായപൂർത്തിയായത് ഇപ്പോഴായിരിക്കാമെന്നായിരുന്നു സെബാസ്റ്റിയൻ പോൾ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. ഇതിന് മറുപടിയായി ടൊവിനോയും രംഗത്തെത്തി. ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുതെന്നും താൻ ഇത്തവണ ചെയ്തത് കന്നി വോട്ടല്ലെന്നുമായിരുന്നു ടൊവിനോ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സംഭവത്തിൽ ഖേദംപ്രകടിപ്പിച്ച് സെബാസ്റ്റ്യൻ പോൾ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും ടൊവിനോയുടെ പേര് നീക്കം ചെയ്യുമെന്നും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.
മോഹൻലാൽ തിരുവനന്തപുരം ടൊവിനോ ഇരിങ്ങാലക്കുടയിലുമെത്തിയാണ് വോട്ടു ചെയ്തത്. ചില മാധ്യമങ്ങൾ ഇരുവരുടേയും കന്നിവോട്ടാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് സെബാസ്റ്റ്യൻ പോൾ ഇരുവരേയും ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. ഫഹദ് ഫാസിൽ പതിവായി വോട്ട് ചെയ്യുന്ന ആളാണെന്നും വോട്ട് ഉണ്ടെങ്കിൽ മമ്മൂട്ടി ചെയ്യുമെന്നും സെബാസ്റ്റിയൻ പോൾ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായത്. ഫഹദ് ഫാസിൽ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കിൽ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ളവർ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവിൽ ബഹുമതിയും സൈനിക ബഹുമതിയും നൽകി അവരെ ആദരിക്കുന്നു. പദ്മങ്ങൾ അവർക്കായി വിടരുന്നു. ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോൾ വയസ് 102. പതിനേഴാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്‌നം നൽകി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാൾ. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.
സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ടൊവിനോ ഫേസ്ബുക്കിലൂടെ തന്നെയാണ് മറുപടി നൽകിയത്. ‘Was the first one to vote from my polling station’ എന്ന് എഴുതിയത് തന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് താൻ ആണ് എന്ന അർത്ഥത്തിലാണ്. അതിന്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ തനിക്ക് പ്രായപൂർത്തി ആയതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിനും എവിടെയാണെങ്കിലും അവിടുന്ന് തന്റെ നാടായ ഇരിങ്ങാലക്കുടയിൽ വന്ന് വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കിൽ സാറിനു അന്വേഷിക്കാമെന്നും ടൊവിനോ പറഞ്ഞു.
ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്
അങ്ങയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാൻ ചെയ്തത് എന്റെ കന്നി വോട്ട് അല്ല. Was the first one to vote from my polling station എന്ന് ഞാൻ എഴുതിയത് എന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാൻ ആണ് എന്ന അർത്ഥത്തിലാണ്. അതിന്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂർത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാൻ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയിൽ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കിൽ സാറിനു അന്വേഷിക്കാൻ വഴികൾ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.
ഗപ്പി എന്ന സിനിമയുടെ ഷൂട്ടിനിടക്ക് നാഗർകോവിൽ നിന്ന് ഇരിങ്ങാലക്കുട വന്നാണ് വോട്ട് ചെയ്തിട്ട് പോയത്. വോട്ടിനു ശേഷം പുരട്ടിയ വിരലിലെ മഷി കാരണം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീനിന്റെ തുടർച്ചയെ ബാധിച്ചു എന്ന് പറഞ്ഞു സംവിധായകന്റെ പരിഹാസവും അന്ന് നേരിട്ടത് ഞാൻ ഓർക്കുന്നു. സിനിമ നടനായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങൾ ആണ്. നമ്മൾ ചെയ്തു വെച്ചിട്ടുള്ള നല്ല കാര്യങ്ങൾ ആണേലും മോശം കാര്യങ്ങൾ ആണേലും റിയൽ ലൈഫിലും പ്രതിഫലിക്കപെടും. അങ്ങനെ പെട്ട് പോയതാണ് ഗപ്പിയിൽ. എന്റെ പ്രായം 30 വയസ്സ് ആണ് സർ, എന്റെ 30 വയസ്സിനിടക്ക് വന്ന നിയമസഭ ഇലക്ഷൻ, ലോക്സഭ ഇലക്ഷൻ, മുൻസിപാലിറ്റി ഇലക്ഷൻ തുടങ്ങിയവയിൽ എല്ലാം ഞാൻ വോട്ട് ചെയ്തിട്ടുണ്ട്. ഇനി ജീവിതകാലം മുഴുവൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നിടത്തോളം കാലം ഞാൻ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.
Reference portion of Guppy – https://youtu.be/toQUlGHbr1U (Watch at 2:49min)
ഇന്ന് 6:15 മാ തൊട്ടു ക്യു നിന്ന് തന്നെ ആണ് ഞാൻ എന്റെ വോട്ട് രേഖപെടുത്തിയത് ..
ഇതിന് തൊട്ടുപിന്നാലെ സെബാസ്റ്റ്യൻ പോളിന്റെ ഖേദപ്രകടനമെത്തി. ടൊവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നുവെന്നും ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്രതിബദ്ധത വിശദമാക്കാൻ തന്റെ തെറ്റ് അവസരമുണ്ടാക്കിയെന്നും സെബാസ്റ്റ്യൻ പോൾ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here