കെവിൻ വധക്കേസ് വിചാരണാ നടപടികൾ ആരംഭിച്ചു; പ്രതികൾ എത്തിയത് വെള്ള വസ്ത്രം ധരിച്ച്; മൂന്ന് പ്രതികളെ തിരിച്ചറിയാനായില്ല

കെവിൻ വധക്കേസിൽ വിചാരണാ നടപടികൾ ആരംഭിച്ചു. പ്രധാന സാക്ഷിയായ അനീഷിന്റെ വിസ്താരം ആണ് തുടങ്ങിയത്. ഒന്നാംപ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ ഏഴു പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. എന്നാൽ അഞ്ചാം പ്രതി ചാക്കോ അടക്കം മൂന്ന് പേരെ തിരിച്ചറിയാനായില്ല. പ്രതികൾ എല്ലാവരും വെള്ള വസ്ത്രം ധരിച്ചാണ് കോടതിയിൽ ഹാജരായത്. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാനാവുന്നില്ല എന്ന് അനീഷ് കോടതിയെ അറിയിച്ചു.
2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്,
മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
നീനുവിന്റെ പിതാവ് ചാക്കോ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. പിഴവുകൾ തിരുത്തിയ കുറ്റപത്രം പ്രതികളെ വീണ്ടും വായിച്ചു കേൾപ്പിച്ചു. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here