വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ; കേന്ദ്രമന്ത്രിമാരടക്കമുള്ള നിരവധി ബിജെപി നേതാക്കള്‍ റോഡ് ഷോയില്‍ പങ്കെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വരാണസിയില്‍ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി റോഡ് ഷോ നടത്തി. എന്‍ ഡി എ ഘടക കക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരടക്കമുള്ള ബി ജെ പി നേതാക്കളും റോഡ് ഷോയില്‍ പങ്കെടുത്തു. നാളെയാണ് നരേന്ദ്ര മോദി പത്രിക സമര്‍പ്പിക്കുക.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുതല്‍ അസി ഘട്ട് വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയത്. ലങ്കാ ഗേറ്റിന് മുന്നിലുള്ള മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു റോഡ് ഷോ ആരംഭിച്ചത്.
ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവ് നിധീഷ് കുമാര്‍, ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്, ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ പ്രകാശ് സിംഗ് ബാദല്‍, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എന്നീ എന്‍ ഡി എ നേതാക്കള്‍ക്ക് പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നീ ബി ജെ പി നേതാക്കളും റോഡ് ഷോയില്‍ പങ്കെടുത്തു. അസി ഘട്ടില്‍ ഗംഗ ആരതിയിലും പ്രധാനമന്ത്രി പങ്കെടുത്തു. ബി ജെ പ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും ഗംഗാ ആരതിക്ക് സന്നിഹിതരായിരുന്നു.
വരാണസി ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള എം എല്‍ എമ്മാരുമായി നാളെ കൂടിക്കാഴ്ച്ച നടത്തുന്ന നരേന്ദ്രമോദി അതിന് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാലാം ഘട്ട തെരഞ്ഞെടുപ്പ് മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നരേന്ദ്രമോദിയെന്ന ബിംബം ഉയര്‍ത്തി പിടിച്ച്കൊണ്ടാവും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക. ഇന്നത്തെ റോഡ് ഷോയിലുണ്ടായ ജന പങ്കാളിത്തം മറ്റിടങ്ങളിലും പ്രതിഫലിക്കുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here