അച്ഛനെ പുറത്താക്കി രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മകനെയും; അത്യപൂർവ്വം ധോണിയുടെ ഈ റെക്കോർഡ്

റയൻ പരഗ് എന്ന 17കാരൻ്റെ സമചിത്തതയും ടാലൻ്റുമാണ് ഐപിഎൽ തട്ടകത്തെ കഴിഞ്ഞ ദിവസങ്ങളിൽ സമ്പന്നമാക്കിയത്. മുംബൈക്കെതിരെ 43ഉം ഇന്നലെ കൊൽക്കത്തയ്ക്കെതിരെ 47ഉം റൺസെടുത്ത പരഗ് രാജസ്ഥാൻ്റെ രണ്ട് വിജയങ്ങളിലും നിർണ്ണായക പങ്കു വഹിച്ചു. ഒരു 17കാരൻ്റെ പക്വതയ്ക്കപ്പുറം നിന്ന് പരഗ് ഐപിഎല്ലിൽ വിസ്മയം തീർക്കുമ്പോൾ നിർവൃതിയടയുന്നത് റയൻ പരഗിൻ്റെ അച്ഛൻ പരഗ് ദാസ് കൂടിയാണ്. ഈ രണ്ട് പേരുകളോടൊപ്പം മഹേന്ദ്ര സിംഗ് ധോണിയെക്കൂടി ഇപ്പോൾ ക്രിക്കറ്റ് ലോകം ചേർത്തു വെക്കുകയാണ്.
രഞ്ജി ട്രോഫിയിൽ ആസാമിനു വേണ്ടി കളിച്ച താരമാണ് പരഗ് ദാസ്. 1999-2000 കാലഘട്ടത്തിൽ ധോണി രഞ്ജിയിൽ അരങ്ങേറ്റം കുറിച്ചു. ബീഹാറിനു വേണ്ടിയായിരുന്നു ധോണിയുടെ ആദ്യ കാല രഞ്ജി മത്സരങ്ങൾ. ആസമും ബീഹാറും തമ്മില്‍ നടന്ന രഞ്ജി ട്രോഫിയിലെ കിഴക്കന്‍ മേഖലാ മത്സരത്തിൽ ധോണിയും പരഗും പരസ്പരം ഏറ്റുമുട്ടി. അന്ന് ആസാമിന്റെ ഓപ്പണറായിരുന്ന പരാഗ് ദാസിനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയത് ധോണി ആയിരുന്നു.
20 വർഷങ്ങൾക്കിപ്പുറം ഇതേ പരഗിൻ്റെ 17കാരൻ മകൻ ഐപിഎല്ലിൽ രാജസ്ഥാനു വേണ്ടി അരങ്ങേറ്റം കുറിയ്ക്കുന്നു. ആദ്യ മത്സരം ഇതേ ധോണിയുടെ ചെന്നൈക്കെതിരെ. ആ മത്സരത്തിൽ പരഗ് പുറത്തായത് ഷർദുൽ താക്കൂറിൻ്റെ പന്തിൽ ധോണി പിടിച്ചാണ്. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മകനെയും ധോണി തന്നെ പുറത്താക്കിയിരിക്കുന്നു.
Cute picture. Riyan Parag was 3 years old when MS Dhoni made his international debut. pic.twitter.com/zhY9CSbUlQ
— Cricpidia (@cricpidia) April 13, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here