ബാങ്കുകളുടെ വാർഷിക റിപ്പോർട്ട്; വിവരങ്ങൾ മറച്ചുവെക്കാൻ റിസർവ് ബാങ്കിന് അധികാരമില്ലെന്ന് സുപ്രീംകോടതി

ബാങ്കുകളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ, കിട്ടാകടങ്ങളുടെ വിവരങ്ങൾ എന്നിവ മറച്ചു വെക്കാൻ റിസർവ് ബാങ്കിന് അധികാരമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ കൈമാറാൻ റിസർവ് ബാങ്ക് ബാധ്യസ്ഥരാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച 2015 ലെ ഉത്തരവ് പാലിക്കാൻ റിസർവ് ബാങ്കിന് അവസാന അവസരം നൽകുന്നുവെന്ന മുന്നറിയിപ്പോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

റിസർവ് ബാങ്ക് വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന 2015ലെ സുപ്രീംകോടതി ഉത്തരവ് പൂർണ്ണമായും നടപ്പിൽ വരുത്താൻ റിസർവ്വ് ബാങ്ക് വിമുഖത കാട്ടിയിരുന്നു. കോടതി ഉത്തരവ് മറികടക്കാൻ നിയമഭേദഗതി വരുത്തി ഉത്തരവിറക്കിയ ശേഷം, വായ്പാ കുടിശ്ശികക്കാരുടെ വിവരങ്ങൾ, സ്വകാര്യ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ റിസർവ് ബാങ്ക് മറച്ചുവെച്ചു. റിസർവ്വ് ബാങ്കിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് കാട്ടി വിവരാവകാശ പ്രവർത്തകർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്.

റിസർവ് ബാങ്കിന്റെ വിവാദ നടപടി റദ്ദാക്കിയ കോടതി വിവരാവകാശ നിയമ പ്രകാരം കിട്ടാക്കടത്തിന്റെ പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടാൻ നിർദ്ദേശിച്ചു. ഇനിയും ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. സാമ്പത്തിക താൽപര്യം, ഉപയോക്താക്കളുമായുള്ള ബാങ്കിന്റെ ബന്ധം എന്നിവ ചൂണ്ടിക്കാട്ടി മറച്ചുവെച്ച കണക്കുകൾ ഇതോടെ പുറത്തു വന്നേക്കും. ബാങ്കിങ് മേഖലയിൽ വലിയ തോതിലുള്ള സുതാര്യത ഉറപ്പ് വരുത്തുന്ന നിർദേശങ്ങളാണ് സുപ്രീംകോടതി ഇന്ന് ഉത്തരവിലൂടെ പുറപ്പെടുവിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More