കള്ളവോട്ട്; 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളിൽ റീ പോളിങ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കള്ളവോട്ട് നടന്നതും പോളിങ് 90 ശതമാനത്തിൽ കൂടിയതുമായ ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ചില ബൂത്തുകളിൽ പോളിങ് 90 ശതമാനം പിന്നിട്ടത് കള്ളവോട്ട് നടന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രിയുടെയും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെയും സ്വന്തം പഞ്ചായത്തുകളിലെ എല്ലാ പോളിങ് ബൂത്തുകളിലെയും സിസിടിവി ക്യാമറകൾ പരിശോധിക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
Read Also; കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നു; ദൃശ്യങ്ങൾ പുറത്ത്
തെരഞ്ഞെടുപ്പിൽ വരെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം അധികാര ദുർവിനിയോഗം നടത്തിയെന്ന് തെളിഞ്ഞിരിക്കുകയാണ്. കണ്ണൂർ,കാസർകോട് മണ്ഡലങ്ങളിൽ നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്നും പി.ജയരാജന്റെ സ്വന്തം ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നതായും മുല്ലപ്പള്ളി ആരോപിച്ചു.ഓപ്പൺ വോട്ടുകളിലും വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷം ഇരട്ടവോട്ടുകളാണുള്ളത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും മൗനം വെടിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
Read Also; സിപിഎമ്മിന്റെ കള്ളവോട്ടിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ചെന്നിത്തല
കള്ളവോട്ടെന്നാൽ സിപിഎമ്മിന് ആചാരവും അനുഷ്ഠാനവുമാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് അധികാര ദുർവിനിയോഗം നടത്തുന്നത്. മരിച്ചവരുടേയും സ്ഥലത്തില്ലാത്തവരുടേയും വോട്ടുകൾ സിപിഎം പ്രവർത്തകർ വ്യാപകമായി ചെയ്തിട്ടുണ്ട്. നീതിപൂർവ്വമായ തിരഞ്ഞെടുപ്പ് നടന്നാൽ കണ്ണൂരും കാസർകോടും സിപിഎം ഒരിക്കലും ജയിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌ക്കൂളിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും മറ്റു ബൂത്തുകളിലെ വോട്ടർമാർ ഇവിടെയെത്തി വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.. 774-ാംനമ്പർ വോട്ടറായെത്തിയ സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ആദ്യത്തെ തവണ വോട്ട് ചെയ്യാനെത്തുന്ന ഇവർ കൈയിൽ പുരട്ടിയ മഷി ഉടൻ തന്നെ തലയിൽ തേച്ച് മായ്ക്കാൻ ശ്രമിക്കുന്നതും പിന്നീട് വീണ്ടുമെത്തി വോട്ട് രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റു ബൂത്തുകളിലെ വോട്ടർമാരിൽ ചിലർ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഈ ബൂത്തിലെത്തി കള്ളവോട്ട് ചെയ്തതായും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കണ്ണൂർ,കാസർകോട് ജില്ലാ കളക്ടർമാരോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here