സഞ്ജു തിളങ്ങി; രാജസ്ഥാന് അനായാസ ജയം

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് അനായാസ ജയം. ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാൻ്റെ വിജയം. 48 റൺസെടുത്ത് പുറത്താവാതെ നിന്ന സഞ്ജു സാംസണാണ് രാജസ്ഥാൻ്റെ വിജയ ശില്പി. സഞ്ജുവിനൊപ്പം 44 റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റ ൺ, 39 റൺസെടുത്ത അജിങ്ക്യ രഹാനെ എന്നിവരും രാജസ്ഥാൻ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. ജയത്തോടെ രാജസ്ഥാൻ കൊൽക്കത്തയെ മറികടന്ന് പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തെത്തി.
രഹാനെയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ലിവിംഗ്സ്റ്റൺ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. പന്തെടുത്തവരെയെല്ലാം കണക്കിനു പ്രഹരിച്ച ലിയാം ഓപ്പണിംഗ് വിക്കറ്റിൽ രഹാനെയോടൊപ്പം 78 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 10ആം ഓവറിൽ റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയ ലിയാം 26 പന്തുകളിൽ നിന്നും 4 ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 44 റൺസെടുത്ത് ടീമിന് ഭദ്രമായ അടിത്തറ നൽകി.
മൂന്നാം നമ്പറിൽ ക്രീസിലെത്തിയ സഞ്ജു സിദ്ധാർത്ഥ് കൗളിനെതിരെ സിക്സറടിച്ചാണ് തുടങ്ങിയത്. വളരെ ബുദ്ധിപരമായി ബാറ്റ് ചെയ്ത രഹാനെ-സഞ്ജു സഖ്യം 12ആം ഓവറിൽ വേർപിരിഞ്ഞു. 34 പന്തുകളിൽ നാല് ബൗണ്ടറികളും ഒരു സിക്സറും സഹിതം 39 റൺസെടുത്ത രഹാനെയെ ഷാകിബ് അൽ ഹസൻ വാർണറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് സഞ്ജുവിനൊപ്പം മികച്ച കളി കെട്ടഴിച്ചു. ജയത്തിന് 9 റൺസകലെ സ്മിത്ത് മടങ്ങി. 16 പന്തുകളിൽ മൂന്ന് ബൗണ്ടറിയടക്കം 22 റൺസടിച്ച സ്മിത്ത് ഖലീൽ അഹ്മദിൻ്റെ ഇരയായിരുന്നു.
ഐപിഎല്ലിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ദക്കായി പുറത്തായ ആഷ്ടൺ ടേണർ തൻ്റെ ഐപിഎൽ കരിയറിലെ ആദ്യ റൺസ് കണ്ടെത്തിയതും ഈ മത്സരത്തിൻ്റെ സവിശേഷതയായി. അവസാന ഓവറിലെ നാലു റൺസ് ഷാക്കിബിൻ്റെ ആദ്യ പന്തിൽ തന്നെ കണ്ടെത്തിയ സഞ്ജു രാജസ്ഥാന് സീസണിലെ അഞ്ചാം ജയം സമ്മാനിച്ചു. 32 പന്തുകളിൽ നാല് ബൗണ്ടറികളും ഒരു സിക്സറും സഹിതം 48 റൺസെടുത്ത സഞ്ജു പുറത്താവാതെ നിന്നു.
നേരത്തെ 61 റൺസുമായി സീസണിലെ തൻ്റെ രണ്ടാം അർദ്ധസെഞ്ചുറി കണ്ടെത്തിയ മനീഷ് പാണ്ഡെയാണ് സൺ റൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. മികച്ച രീതിയിൽ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ സൺ റൈസേഴ്സിനെ പിടിച്ച് കെട്ടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here