‘റസൽ മാനിയ’ ബാധിച്ച് ഗിൽ; കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 232 റൺസാണ് കൊൽക്കത്ത നേടിയത്. ഒരിക്കൽ കൂടി കൂറ്റനടികളുമായി കൊൽക്കത്ത ഇന്നിംഗ്സിനെ നയിച്ച ആന്ദ്രേ റസലാണ് ആദ്യ ഇന്നിംഗ്സിലെ ഹീറോ. റസലിനോടൊപ്പം അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ ശുഭ്മൻ ഗില്ലും ക്രിസ് ലിന്നും കൊൽക്കത്തയ്ക്ക് വേണ്ടി ശ്രദ്ധേയമായ കളി കാഴ്ച വെച്ചു.
ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്ന പിച്ചിൽ മുംബൈ ബൗളർമാരെ തല്ലിച്ചതച്ചാണ് ലിന്നും ഗില്ലും ഇന്നിംഗ്സ് ആരംഭിച്ചത്. മികച്ച ഷോട്ടുകളുമായി അതിവേഗം സ്കോർ ചെയ്ത ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് വേർപിരിഞ്ഞത്. 10ആം ഓവറിൽ 29 പന്തുകളിൽ നിന്നും എട്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 54 റൺസെടുത്ത ലിന്നിനെ രാഹുൽ ചഹാറാണ് പുറത്തായത്. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി മൂന്നാം നമ്പറിലെത്തിയ ആന്ദ്രേ റസലിനെ കാഴ്ചക്കാരനാക്കി ഗിൽ കത്തിക്കയറിയതോടെ കൊൽക്കത്ത സ്കോർ കുതിച്ചു. 16ആം ഓവറിൽ ഹർദ്ദിക് പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 45 പന്തുകളിൽ ആറ് ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 76 റൺസാണ് ഗിൽ നേടിയത്.
തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന ആന്ദ്രേ റസലും ദിനേഷ് കാർത്തികും സ്ലോഗ് ഓവറുകൾ കൂറ്റനടികളുമായി കളം നിറഞ്ഞതോടെയാണ് സ്കോർ 200 കടന്നത്. 40 പന്തുകളിൽ ആർ` ബൗണ്ടറികളും എട്ട് സിക്സറുകളുമടക്കം 80 റൺസെടുത്ത റസൽ പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here