ശ്രീലങ്കൻ സ്‌ഫോടനം; കാസർഗോഡ് എൻഐഎ റെയ്ഡ്

ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കാസർഗോഡ് എൻഐഎ റെയ്ഡ്. വിദ്യാനഗർ സ്വദേശികളായ രണ്ടു പേരുടെ വീടുകളിലാണ് ഇന്ന് രാവിലെ റെയ്ഡ് നടന്നത്. മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ഹാജരാകാൻ രണ്ടു പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ശ്രീലങ്കൻ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച നാഷണൽ തൗഹീദ് ജമാഅത്തിന്റെ തലവനായിരുന്നു സഹ്‌റാൻ ഹാഷിം. നേരത്തെ കേരളത്തിലെ മലപ്പുറം, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, വെല്ലൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് ഹാഷിം സന്ദർശനം നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു.
Read Also : കൊളംബോ സ്‌ഫോടനം; മുഖ്യ സൂത്രധാരൻ കേരളത്തിൽ സന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ട്
ഹാഷിമിനെ കൂടാതെ ചാവേറായി പ്രവർത്തിച്ച മുഹമ്മദ് മുബാറക് അസാനും ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. സ്‌ഫോടനത്തിൻ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുകൾ ഉൾപ്പെടെ തകർന്നിരുന്നു. സ്‌ഫോടനത്തിൽ 359 പേരാണ് കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here